കോട്ടയം : നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന് ? ഈ ചോദ്യം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നിട്ടും ഇതിനുത്തരവാദിത്തപ്പെട്ട നഗരസഭയുടെ ഭാഗത്ത് നിന്നും നടപടികളില്ല. പൊതുസ്ഥലത്ത് കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ കാരണം തെരുവ് നായ്ക്കൾ പെരുകി. നായശല്യം പേടിച്ച് ജനത്തിന് വഴി നടക്കാൻ പോലും സാധിക്കുന്നില്ല. മാംസമാലിന്യങ്ങൾ അടക്കമാണ് നിരത്തുകളിൽ നിറയുന്നത്. ഒരു സ്ഥലത്ത് നിന്ന് വാരി മറ്റൊരു സ്ഥലത്ത് തള്ളുന്നതാണ് നഗരത്തിലെ മാലിന്യസംസ്കരണം. കഞ്ഞിക്കുഴി പഴയ മാർക്കറ്റിലും കോടിമത പച്ചക്കറി മാർക്കറ്റിന് സമീപവുമാണ് നഗരത്തിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം തള്ളുന്നത്. മാലിന്യം വേർതിരിച്ചുള്ള സംസ്കരണം ഇവിടെ നടക്കുന്നില്ല. കോടികൾ മുടക്കി വൻ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും മാലിന്യപ്രശ്നം രൂക്ഷമായിരിക്കുകയാണ്.
കോടിമതയിലെ മാലിന്യമല
കോടിമത പച്ചക്കറി മാർക്കറ്റിന് സമീപത്തെ മാലിന്യം ഓരോ ദിവസവും കൂടി വരികയാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഏറെയും. ആരും തിരിഞ്ഞുനോക്കാതായതോടെ ഇത് കാടുകയറി. തരംതിരിക്കലോ മാലിന്യനീക്കമോ നിലച്ചിട്ട് രണ്ട് മാസത്തിലേറെയായെന്ന് മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു. ഇപ്പോൾ ഇവിടെ റോഡരികിൽ വരെ മാലിന്യമായി. പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്ന പദ്ധതിയും പരാജയമായി.
തുരുമ്പെടുത്ത് വാഹനങ്ങൾ
നേരത്തെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിനും വടവാതൂർ ഡമ്പിംഗ് യാർഡിൽ തള്ളുന്നതിനുമായി ഉപയോഗിച്ചിരുന്ന കോടികൾ വില വരുന്ന വാഹനങ്ങൾ കഞ്ഞിക്കുഴിയിലെ മാർക്കറ്റിനുള്ളിൽ തുരുമ്പെടുത്ത് നശിക്കുകയാണ്. നഗരസഭയുടെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിലും (പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്) സ്ഥിതി സമാനമാണ്. പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിന് സമീപം, കാരാപ്പുഴ റോഡ്, ശ്രീനിവാസ അയ്യർ റോഡ്, പബ്ലിക് ലൈബ്രറിയ്ക്ക് സമീപം, പോപ്പ് മൈതാനം, പുത്തനങ്ങാടി തുടങ്ങിയവ മാലിന്യ പോയിന്റുകളാണ്.
നഗരസഭയുടെ വിശദീകരണം
അജൈവ മാലിന്യങ്ങൾ ശേഖരിക്കാനുള്ള ചുമതല ക്ലീൻ കേരള കമ്പനിയ്ക്കായിരുന്നു. ഇവരുടെ പ്രവർത്തനം മന്ദീഭവിച്ചതോടെയാണ് മാലിന്യനീക്കം നിലച്ചത്. ശുചിത്വ മിഷൻ അംഗീകാരമുള്ള ഏജൻസികളെ അജൈവ മാലിന്യ ശേഖരണത്തിനായി ക്ഷണിച്ചിരുന്നു. സന്നദ്ധതയറിച്ച മൂന്നു കമ്പനികളിൽ നിന്ന് ഒരാളെ ആരോഗ്യകാര്യ സമിതി തിരഞ്ഞെടുത്തു. ഇനി കൗൺസിൽ യോഗത്തിന്റെ അംഗീകാരം വേണം.