
കോട്ടയം. തെരുവ്‌നായകൾക്കെതിരെയുള്ള പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും. ജില്ലയിൽ തെരുവ്‌നായ ആക്രമണം വർദ്ധിച്ചതിന് പിന്നാലെ എ.ബി.സി പദ്ധതി പുനരാരംഭിക്കുന്ന നടപടികൾക്കും വേഗതയേറി. നായകൾക്ക് വാക്‌സിൻ എടുക്കുന്ന പ്രവർത്തനങ്ങളും വളരെ വേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. കോട്ടയം കോടിമത, വാഴൂർ അടക്കം വിവിധ പ്രദേശങ്ങളിൽ തെരുവുനായ വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കുന്ന നടപടികൾ ആരംഭിച്ചു. സ്ഥലം ലഭ്യമാകുന്നതിന് അനുസരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാനാണ് ലക്ഷ്യം. കേന്ദ്രങ്ങൾ തുടങ്ങുന്നതിന് ഗ്രമപഞ്ചായത്ത്, ബ്ലോക്ക്, മുൻസിപ്പാലിറ്റി, ജില്ലാപഞ്ചായത്തും ചേർന്ന് സംയുക്ത പ്രോജക്ട് വെച്ച് സമാഹരിക്കുന്ന ഫണ്ട് ഉപയോഗിക്കാനാണ് തീരുമാനം.
15 പ്രവർത്തകർ സജ്ജം.
നായ്ക്കളെ വന്ധ്യംകരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് പരിശീലനം ലഭിച്ച 15 പ്രവർത്തകർ സജ്ജമാണ്. മുൻപ് ജില്ലയിൽ എ.ബി.സി പദ്ധതി നടപ്പാക്കിയതിൽ പങ്കാളികളായിട്ടുള്ളവരാണ് ഇവർ. കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുമ്പോൾ നായ്ക്കളെ പിടികൂടാൻ കൂടുതൽ പ്രവർത്തകരുടെ ആവശ്യം ഉള്ളതുകൊണ്ട് സന്നദ്ധരായിട്ടുള്ളവർ ഉണ്ടെങ്കിൽ മൃഗസംരക്ഷണ വകുപ്പ് പരിശീലനം നൽകും. കൂടാതെ, ജില്ലയിൽ നായ്ക്കൾക്ക് വാക്‌സിൻ നൽകുന്ന ക്യാമ്പുകളും തുടരുന്നു. ജില്ലയിൽ 30,000 നായ്ക്കൾക്ക് വാക്‌സിൻ നൽകി. വിവിധ പ്രദേശങ്ങളിലെ മൃഗാശുപത്രികൾ വഴിയും കുത്തിവെപ്പു തുടരുകയാണ്.
എ.ബി.സിക്കുള്ള വെല്ലുവിളികൾ.
കേന്ദ്രമാനദണ്ഡ പ്രകാരം സെന്ററിന് വേണ്ടത് 20 സെന്റിലുള്ള കെട്ടിടം.
ശീതീകരിച്ച മുറി, അടുക്കള, സി.സി. ടി.വി തുടങ്ങി മറ്റു ചെലവുകൾ.
പ്രത്യേക കൂട്, ശസ്ത്രക്രിയയ്ക്ക് ശേഷം പാർപ്പിക്കേണ്ടത് നാലു ദിവസം.
'' 30നകം ജില്ലയിലെ ആദ്യ വന്ധ്യകരണ കേന്ദ്രം കോടിമതിയിൽ തുടങ്ങും. കോട്ടയം നഗരസഭയിലാണ് കേന്ദ്രം ആദ്യം തുടങ്ങുക'' നിർമലാ ജിമ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്