radha

പാലാ. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് കോട്ടയത്ത് പരാതിക്കാരായ സ്ത്രീകള്‍ കൂടുതലാണെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം ഇ.എം.രാധ പറഞ്ഞു. പാലാ നഗരസഭയില്‍ വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച സ്ത്രീസുരക്ഷാ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്താനെത്തിയതായിരുന്നു രാധ.

മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ശരാശരി 200 കേസുകള്‍ മാത്രം ഉണ്ടാകുമ്പോള്‍ കോട്ടയത്ത് 600 വരെ കേസുകളാണ് ഉള്ളത്. സാക്ഷരതയിൽ മുന്നിട്ട് നില്‍ക്കുന്ന കോട്ടയം ജില്ലയില്‍ സ്ത്രീകള്‍ പ്രതികരിക്കാനും പരാതിപ്പെടാനും മുന്നോട്ട് വരുന്നതാണ് ഇതിനു കാരണം.

വനിതാ കമ്മിഷന്‍ ആരെയെങ്കിലും ശിക്ഷിക്കുന്ന സമിതിയല്ല. ഇരുകൂട്ടരെയും വിളിച്ചുചേര്‍ത്ത് യോജിപ്പിന്റെ മേഖല കണ്ടെത്തി ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇത് പലരും മനസ്സിലാക്കുന്നില്ല. പാതിരാത്രിക്കു പോലും വിളിച്ച് പരാതി പറയുന്ന സ്ത്രീകളുണ്ട്. എത്രയും പെട്ടെന്ന് പ്രതിയെ ശിക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം. അതിന് വനിതാകമ്മിഷന് കഴിയില്ലെന്ന് ബോദ്ധ്യപ്പെടുത്താന്‍ ഏറെ പാടുപെടേണ്ടി വരുന്നു - രാധ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് മാത്രമേ നീതി കിട്ടാവൂ എന്ന നിലപാടല്ല വനിതാകമ്മിഷനുള്ളത്. ഒരു പുരുഷനും ബുദ്ധിമുട്ടുണ്ടാക്കുന്ന നിലയിലേക്ക് വനിതാകമ്മിഷന് മാറാന്‍ കഴിയില്ല. എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷം മാത്രമേ കമ്മിഷന്‍ ഒരു നിലാപാട് എടുക്കൂവെന്നും ഇ.എം. രാധ ചൂണ്ടിക്കാട്ടി.

ഇ.എം. രാധ എത്തിയത് ഓട്ടോറിക്ഷയില്‍.

പാലാ: സെമിനാറില്‍ പങ്കെടുക്കാന്‍ വനിതാ കമ്മിഷനംഗം ഇ.എം. രാധ എത്തിയത് ഓട്ടോറിക്ഷയിലാണ്.

ഹര്‍ത്താലാണെങ്കിലും എത്തുമെന്ന് നഗരസഭാധികാരികളെ അറിയിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ കോട്ടയത്തെത്തിയ രാധ അവിടെ നിന്ന് ഓട്ടോറിക്ഷ വിളിച്ച് പാലായ്ക്ക് വരികയായിരുന്നു. കാറില്‍ വരുന്ന വനിതാ കമ്മിഷനംഗത്തെ സ്വീകരിക്കാനൊരുങ്ങി നില്‍ക്കുകയായിരുന്നു നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് അടക്കമുള്ളവർ. എന്നാല്‍ ഇവരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് വനിതാകമ്മിഷന്‍ അംഗം ഓട്ടോറിക്ഷയില്‍ നഗരസഭാ കവാടത്തില്‍ വന്നിറങ്ങി.

തുടര്‍ന്ന് സ്ത്രീസുരക്ഷ സെമിനാറില്‍ രണ്ട് മണിക്കൂറോളം ക്ലാസെടുത്ത ശേഷം ഈ ഓട്ടോയില്‍ തന്നെ മടങ്ങി. ആദ്യ മുഖ്യമന്ത്രി ഇ.എം.എസിന്റെ മകളാണ് രാധ.