
കോട്ടയം. ഏറെ നാളുകൾക്ക് ശേഷം നടന്ന ഹർത്താലിൽ ജില്ലയിൽ അക്രമപരമ്പര. കെ.എസ്.ആർ.ടി.സി ബസുകൾ തകർത്തും യാത്രക്കാരെ മർദ്ദിച്ചും സ്ഥാപനങ്ങൾ കല്ലെറിഞ്ഞു തകർത്തും അക്രമികളുടെ തേർവാഴ്ചയായിരുന്നു ഇന്നലെ.
രാവിലെ സമാധാനപരമായി ആരംഭിച്ച ഹർത്താൽ പെട്ടെന്നാണ് അക്രമാസക്തമായത്. പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധ പ്രകടനങ്ങളിൽ ഒന്നും അനിഷ്ട സംഭവങ്ങളുണ്ടാക്കാതെ ആസൂത്രിതമായി ബൈക്കുകളിലെത്തിയ സംഘങ്ങളാണ് അക്രമത്തിന് ചുക്കാൻ പിടിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരെ കരുതൽ തടങ്കലിലാക്കിയതും ജില്ലയിലാണ്.
തകർത്തത് 6 ബസുകൾ.
കോട്ടയം ഡിപ്പോയിലെ മൂന്ന് ബസുകളടക്കം ആറ് കെ.എസ്.ആർ.ടി.സി ബസുകളും തകർത്തു. ബൈക്കിലെത്തിയ സംഘങ്ങൾ ബാഗിൽ കരുതിയ കല്ലെടുത്തെറിയുകയായിരുന്നു. കുറിച്ചിയിൽ ബസിന്റെ തകർന്ന ചില്ല് കൊണ്ട് ഡോക്ടറുടെ കൈക്കു പരിക്കേറ്റു. കല്ലുങ്കത്രയ്ക്ക് പോയ ബസ് അയ്മനത്തും തിരുവാർപ്പ് ബസ് തെക്കുംഗോപുരത്തിന് സമീപത്തും കൂത്താട്ടുകുളം ഡിപ്പോയുടെ ബസ് തെള്ളകത്തും ചങ്ങനാശേരിക്ക് പോയ ബസ് മന്ദിരം കവലയിലും കൊട്ടാരക്കരയിൽ നിന്ന് പാലായ്ക്കുള്ള ബസ് തുരുത്തി പുന്നമൂട്ടിലും എറണാകുളത്തേയ്ക്ക് പോയ ബസ് കുറിച്ചി ഔട്ട് പോസ്റ്റിലും ആക്രമിക്കപ്പെട്ടു. ഈ പ്രദേശങ്ങളൊന്നും പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളല്ലെന്നതാണ് പ്രത്യേകത.
യാത്രക്കാർ വലഞ്ഞു.
ജില്ലയിൽ നിന്ന് 59 സർവീസുകളാണ് സർവീസ് തുടങ്ങിയതെങ്കിലും അക്രമങ്ങളെത്തുടർന്ന് ഏറെ നേരം സർവീസ് നിറുത്തിവച്ചു. പിന്നീട് പൊലീസ് സുരക്ഷയൊരുക്കി. കോട്ടയം സ്റ്റാൻഡിൽ യാത്രക്കാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ദീർഘ ദൂര ബസുകൾ കുറവായത് ട്രെയിനിലെ തിരക്ക് ഇരട്ടിയാക്കി.
ഈരാറ്റുപേട്ടയിൽ വൻ സുരക്ഷ.
ജില്ലയിൽ രാവിലെ മുതൽ ഈരാറ്റുപേട്ടയിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. പ്രവർത്തകർ വ്യാപകമായി കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തുടയുകയും ചെയ്തു. ഇതിനിടെ ബൈക്ക് യാത്രക്കാരന്റെ തലയ്ക്ക് ഹെൽമറ്റിന് അടിച്ചു. തടയാനെത്തിയ പൊലീസിന് നേരെ ഇരമ്പിയെത്തിയ മറ്റൊരു സംഘം തിരഞ്ഞു. ഒടുവിൽ ലാത്തി വീശി. അപ്പോഴേയ്ക്കും നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് തടിച്ചു കൂടിയത് വീണ്ടും സംഘർഷത്തിന് കാരണമായി. 87 പേരെ അറസ്റ്റു ചെയ്തു നീക്കി. ഇവിടെ 110 പേരെയാണ് സംഭവങ്ങളുടെ പേരിൽ കരുതൽ തടങ്കലിൽ സൂക്ഷിച്ചിരിക്കുന്നത്. വിവിധയിടങ്ങളിൽ പ്രകടനം നടത്തിയ 96 പൊലീസുകാരെ അറസ്റ്റ് ചെയ്ത് നീക്കി.
ഉച്ചയോടെ ശാന്തം.
കൂടുതൽ പൊലീസിനെ വിന്യസിച്ചതോടെ ഉച്ചമുതൽ സ്ഥിതി ശാന്തമായി. സ്വകാര്യ ബസുകളും ടാക്സികളും ഓടിയില്ലെങ്കിലും ഉച്ചയ്ക്ക് ശേഷം കൂടുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു. തുറന്ന കടകൾ അക്രമത്തിന്റെ പശ്ചാത്തലത്തിൽ അടച്ചു. സർക്കാർ ഓഫീസുകളിലും ഹാജർ കുറവായിരുന്നു. കുമരകത്ത് ടൂറിസം കേന്ദ്രങ്ങളെയും ഹർത്താൽ ബാധിച്ചു. ടൂറിസം കേന്ദ്രങ്ങളും അടച്ചിട്ടു.
സർക്കാർ ഓഫീസുകളിലെ ഹാജർ നില 38 %.
പൊലീസ് കസ്റ്റഡിയിൽ 115 പേർ.