ചങ്ങനാശേരി: പ്രസിദ്ധമായ നീലംപേരൂർ പൂരം പടയണി ഇന്ന്. മകം പടയണിയിൽ അടിയന്തിരക്കോലമായി അംബലക്കോട്ടയും വേലയന്നങ്ങളും എഴുന്നള്ളി. ചേരമാൻ പെരുമാൾ സ്മാരകത്തിലെത്തി അനുഞ്ജ വാങ്ങിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. 16 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഗ്രാമത്തിന്റെ മഹാസുകൃതമായ ഒരു വല്യന്നവും രണ്ട് ചെറിയ അന്നങ്ങളും ഇന്ന് രാത്രി 12.30ന് ക്ഷേത്ര ആൽത്തറയിൽ നിന്ന് നീലംപേരൂർ പള്ളി ഭഗവതിയുടെ സന്നിധിയിലേക്ക് എഴുന്നള്ളുന്നതോടെ ഈ വർഷത്തെ പടയണിക്ക് സമാപനമാവും. വല്യന്നം വന്നടാ തിന്തക തിന്താ എന്ന താളത്തിൽ ചൂട്ട് വെളിച്ചത്തിനടയിലൂടെ ചൂട്ടുകറ്റുകളുടെ പൊൻപ്രഭയിൽ വജ്രശോഭയോടെ വല്യന്നവും ചെറിയ അന്നങ്ങളും എഴുന്നള്ളും. ചടങ്ങുകൾക്ക് സാക്ഷിയാകാൻ പതിനായിരങ്ങൾ ഗ്രാമത്തിലേക്ക് എത്തും.

പുലർച്ചെ മുതൽ അന്നത്തിന്റെ നിറപ്പണികൾ ആരംഭിക്കും. ഉച്ചയോടെ ചുണ്ടും പൂവും പിടിപ്പിക്കുന്ന പണികൾ പൂർത്തിയാകും. വൈകിട്ട് ദീപാരാധനയ്ക്ക് മുൻപായി അന്നത്തിന്റെ മുഴുവൻ പണികളും തീരും. 30 അടി ഉയരമുള്ള വല്യന്നവും 15 അടി വീതം ഉയരമുള്ള രണ്ട് ചെറിയ അന്നങ്ങളും, 90 ചെറിയ അന്നങ്ങളും പടയണികളത്തിൽ എത്തും. കല്യാണ സൗഗന്ധികം തേടിയുള്ള യാത്രയിൽ ഗന്ധർവ്വ നഗരം കടന്നെത്തുന്ന ഭീമസേനൻ ഗന്ധമാതനഗിരി പർവ്വത താഴ് വരയിലെ കല്യാണസൗഗന്ധിക പുഷ്പം പൂത്തു നിൽക്കുന്ന ഉദ്യാനമായ മാനസസരോവരത്തിൽ നീന്തിത്തുടിക്കുന്ന അരയന്നങ്ങളെ കാണുന്നതാണ് വല്യന്നങ്ങളും ചെറിയന്നങ്ങളുമായി പടയണിക്കളത്തിൽ അവതരിപ്പിക്കുന്നതാണ് സങ്കല്പം.