bb

കോട്ടയം : ഏഴ് മാസത്തിനിടെ മൂന്നാമത്തെ കരൾമാറ്റ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. തൃശൂർ മുള്ളൂർക്കര സ്വദേശി ഉണ്ണികൃഷ്ണനാണ് (45) കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഭാര്യ മഞ്ജുഷയുടെ (35) കരളാണ് പകുത്ത് നൽകിയത്. ഇരുവരും തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച ശസ്ത്രക്രിയ രാത്രി പത്തോടെയാണ് അവസാനിച്ചത്.

മഞ്ജുഷയുടെ കരൾ മുറിച്ചെടുക്കുന്ന വേളയിൽത്തന്നെ ഉണ്ണികൃഷ്ണന്റെ

കരൾ മുറിച്ച് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയും നടത്തി. വൈകിട്ട് അഞ്ചോടെ കരൾ ചേർത്തുവച്ചു. സർക്കാർതലത്തിൽ കരൾ മാറ്റ ശസ്ത്രക്രിയ നടത്തുന്ന ഏക ആശുപത്രിയും കോട്ടയം മെഡിക്കൽ കോളേജാണ്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ശങ്കർ, സൂപ്രണ്ട് ഡോ. ജയകുമാർ എന്നിവരുടെ ഏകോപനത്തിൽ സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ.സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. എറണാകുളം അമൃത ആശുപത്രിയിലെ ഡോ.ദിനേശ് ബാലകൃഷ്ണൻ, ഡോ.ജി.ഉണ്ണികൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഉപകരണങ്ങളും മറ്റും സജ്ജമാക്കിയത് അമൃത ആശുപത്രിയിൽ നിന്നാണ്. ആദ്യ ശസ്ത്രക്രിയ ഫെബ്രുവരിയിലും, രണ്ടാമത്തെ ശസ്ത്രക്രിയ മേയിലുമാണ് വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയ നടത്താൻ ഒപ്പം നിന്ന എല്ലാ ജീവനക്കാരെയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.