കറുകച്ചാൽ: കങ്ങഴ പത്തനാട് ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് നവരാത്രി മഹോത്സവത്തിന് 26ന് തിരിതെളിയും. പരാശക്തിപൂജ, നവരാത്രി സംഗീതോത്സവം, പൂജവെയ്പും വിദ്യാരംഭവും നവചണ്ഡികാഹോമവും നടക്കും. 26ന് 5ന് പള്ളിയുണർത്തലോടെ ചടങ്ങുകൾ തുടങ്ങും. തുടർന്ന് പരാശക്തി പൂജാരംഭം, അഷ്ടദശലക്ഷാർച്ചന, 9.15ന് എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ നവരാത്രി മണ്ഡപത്തിലെ കലാവിളക്ക് തെളിക്കും. സാമൂഹ്യ പ്രവർത്തക ആശ മുണ്ടത്താനം ആദ്ധ്യാത്മിക പ്രഭാഷണം നടത്തും.
27 മുതൽ 2 വരെ പതിവ് പൂജകൾ. 3ന് വൈകിട്ട് 5.30ന് ഭദ്രവിളക്കമ്മയുടെ മാന്ത്രിക ഗ്രന്ഥം പടിഞ്ഞാറേ മനയിൽ നിന്നും കർമ്മസ്ഥാനത്തേക്ക് എഴുന്നള്ളിക്കും. തുടർന്ന് പൂജവയ്പ്. വിദ്യാരംഭദിനമായ 5ന് രാവിലെ പൂജയെടുപ്പ്, 8ന് മധു ദേവാനന്ദ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നവ ചണ്ഡികാഹോമം, 10ന് വിജയദശമി ആഘോഷവും സാംസ്കാരിക സമ്മേളനവും ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. കലാശ്രേഷ്ഠ പുരസ്കാരം ഗായിക ഡോ.വൈക്കം വിജയലക്ഷ്മിയ്ക്ക് സമർപ്പിക്കും. കങ്ങഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.എം മാത്യു ആനിത്തോട്ടം, സി.വി. തോമസ്കുട്ടി, അഡ്വ.സജയൻ ജേക്കബ്, പ്രസാദ് കുഴിക്കാല തുടങ്ങിയവർ സംസാരിക്കും. മധു ദേവാനന്ദ തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തും. തുടർന്ന് സ്നേഹക്കൂട് മ്യൂസിക്കൽ ബ്രാന്റിന്റെ ഗാനമേള, മഹാപ്രസാദമൂട്ട്, മഹാദീപാരാധന.