മുണ്ടക്കയം: കോസ്‌വേ പാലത്തിനു സമീപം മണിമലയാറിനോട് ചേർന്ന് റോഡിന്റെ തകർന്ന സംരക്ഷണഭിത്തി നിർമ്മിക്കാൻ നടപടിയില്ല. കഴിഞ്ഞ മഴയിൽ സംരക്ഷണഭിത്തിയുടെ കൂടുതൽ കരിങ്കല്ലുകൾ ഇളകിയ നിലയിലാണ്.ഇതോടെ ഭിത്തി ഇടിയാറായ സ്ഥിതിയിലെത്തി. കഴിഞ്ഞവർഷത്തെ പ്രളയത്തിലാണ് ആദ്യമായി സംരക്ഷണഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചത്. തുടർന്നുണ്ടായ ശക്തമായ മഴയിൽ ഭിത്തി കൂടുതൽ ബലക്ഷയത്തിലേക്ക് നീങ്ങുകയായിരുന്നു. ആറിന്റെ അടുത്തേക്ക് ചേർന്ന ഭാഗത്താണ് ബലക്ഷയം സംഭവിച്ചിരിക്കുന്നത്. നാലടി ഉയരത്തിൽ കോൺക്രീറ്റ് കെട്ടിനു മുകളിലാണ് വീണ്ടും സംരക്ഷണഭിത്തി നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ അടിഭാഗത്തെ കല്ലുകളാണ് ഇളകി മാറിയ നിലയിലുള്ളത്.

അപകടസാധ്യതയേറി

ഓരോ മഴയിലും വെള്ളം ഉയരുമ്പോൾ കൂടുതൽ ഭാഗങ്ങൾ തകരുന്നതിനാൽ അപകടസാധ്യത തള്ളിക്കളയാൻ കഴിയില്ല. മുൻവർഷത്തെപ്പോലെ ഒക്ടോബർ മാസത്തിൽ വീണ്ടും മഴയുണ്ടായാൽ സംരക്ഷണഭിത്തി കൂടുതൽ ഇടിയാൻ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ കരിങ്കൽക്കെട്ടിന്റെ ബലക്ഷയം നിർമ്മാണം നടത്തി പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.