
കോട്ടയം . ജില്ലയിൽ വൈറൽപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ്. ഇന്നലെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 723 പേരാണ്. കാലാവസ്ഥാ വ്യതിയാനമാണ് പനി പടരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. മാസ്‌കിന്റെ ഉപയോഗം കുറഞ്ഞതും പനി ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പെട്ടെന്ന് പടർന്നു പിടിക്കുന്നതിന് കാരണമാകുന്നു. വീടുകളിൽ ഒരാൾക്ക് പനി വന്നാൽ മറ്റ് കുടുംബാംഗങ്ങളിലേക്കും പനിപടർന്ന് പിടിക്കുകയാണ്. ഈ മാസം ചികിത്സ തേടിയത് 16188 പേരാണ്. ഓണത്തിന് ശേഷം കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെങ്കിലും പനി ബാധിതരെ ആശുപത്രികളിൽ കൊവിഡ് ടെസ്റ്റിനു കാര്യമായി നിർബന്ധിക്കുന്നില്ല. ശക്തമായ പനി, തലവേദന, മൂക്കടപ്പ്, ക്ഷീണം എന്നിവയാണ് വൈറൽ പനിയുടെ ലക്ഷണങ്ങൾ. ഇന്നലെ കാഞ്ഞിരപ്പള്ളി സ്വദേശിയ്ക്ക് എലിപ്പനി റിപ്പോർട്ട് ചെയ്തു.