പാലാ: രാമപുരം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതികളുടെ നടത്തിപ്പ് പ്രവർത്തനങ്ങൾ സർക്കാർ സ്റ്റേ ചെയ്തതായി യു.ഡി.എഫ് നേതാക്കളും പ്രതിപക്ഷ മെമ്പർമാരും പത്രസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് ഭരണ നേതൃത്വം വികസന മുടക്കുന്ന പിടിവാശി ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി. പഞ്ചായത്തിലെ നടപ്പുവർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലായി. പഞ്ചായത്തു വാർഷിക പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് കൂടിയ പഞ്ചായത്തു കമ്മിറ്റി യോഗ തീരുമാനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് വ്യക്തമാക്കി പ്രതിപക്ഷം നൽകിയ പരാതികളിൽ തീർപ്പ് കല്പിക്കുന്നതുവരെ പദ്ധതി നടത്തിപ്പ് നിർത്തിവയ്ക്കാനാണ് സർക്കാർ ഉത്തരവെന്നും യു.ഡി.എഫ് നേതാക്കളായ ബെന്നി താന്നിയിൽ, മത്തച്ചൻ പുതിയിടത്തുചാലിൽ, കെ.കെ. ശാന്താറാം, മനോജ് ചീങ്കല്ലേൽ, ആൽബിൻ ഇടമനശ്ശേരിൽ, സൗമ്യ സേവ്യർ എന്നിവർ പറഞ്ഞു.