മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ
വൈക്കം: വെച്ചൂരിലെ മൂന്നു ക്ഷേത്രങ്ങളിലും പള്ളിയുടെ കപ്പേളയിലും മോഷണം. കൊതവറ ശ്രീകുരുംബ ക്ഷേത്രം, ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രം, അച്ചിനകം പിഴയിൽ ശ്രീദുർഗാ ക്ഷേത്രം, ബണ്ട് റോഡിലെ സെന്റ് ജോസഫ് കപ്പേള എന്നിവിടങ്ങളിലാണ് ശനിയാഴ്ച പുലർച്ചെയോടെ മോഷണം നടന്നത്. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സെന്റ് ജോസഫ് കപ്പേളയുടെ മുൻവശത്തെയും അകത്തെയും കാണിക്കവഞ്ചിയുടെ പൂട്ട് തകർത്ത നിലയിലാണെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പള്ളി ഭാരവാഹികൾ പറഞ്ഞു. അച്ചിനകം പിഴയിൽ ശ്രീദുർഗാ ക്ഷേത്രത്തിലെ റോഡരികിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരവും കുത്തിത്തുറന്ന നിലയിലായിരുന്നു. ഈ ഭണ്ഡാരത്തിൽ നിന്നും ഒരാഴ്ച മുമ്പ് പണം എടുത്തിരുന്നതിനാൽ അധികം തുക നഷ്ടപ്പെട്ടില്ല.
വൈകുണ്ഠപുരം ക്ഷേത്രത്തിന് മുൻവശത്തെ ഭണ്ഡാരത്തിന്റെയും ക്ഷേത്രത്തിനകത്ത് അയ്യപ്പന്റെ നടയിലെ കാണിക്കവഞ്ചിയുടെയും പൂട്ടുകൾ തകർത്തിട്ടുണ്ട്. കാണിക്കവഞ്ചിയിൽ നിന്നും പണം നഷ്ടമായിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും മോഷ്ടാക്കൾ തകർത്തു. ഹെൽമറ്റ് ധരിച്ച് ബൈക്കിൽ എത്തിയ രണ്ടു യുവാക്കളാണ് മോഷണം നടത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഏതാനും മാസങ്ങൾക്കിടെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ അലങ്കാരഗോപുരം, കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രം, നഗരത്തിലെ ജ്വല്ലറി, കച്ചേരിക്കവലയിലെ വനദുർഗാ ക്ഷേത്രം, ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടന്നിരുന്നു. ഇതിനുശേഷം ആഴ്ചകളിൽ ഒരു ദിവസം കാണിക്കവഞ്ചിയിൽ നിന്നും പണം എടുക്കണമെന്ന് ആരാധനാലയങ്ങളുടെ ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നതായി പൊലീസ് പറഞ്ഞു.
കാണിക്കപെട്ടി തുറന്ന നിലയിൽ
വൈക്കം: മഹാദേവ ക്ഷേത്രത്തിൽ വലിയകവലയിലെ അലങ്കാര ഗോപുരത്തിലും കാണിക്കപെട്ടി തുറന്ന നിലയിൽ കണ്ടെത്തി.
ഗോപുരത്തിലെ ഗ്രില്ലിന്റെ പുട്ടുപൊളിച്ച നിലയിലാണ്. കാണിക്കപ്പെട്ടി തുറന്നിരിക്കുന്നത് നാട്ടുകാരാണ് കണ്ടത്. ദേവസ്വത്തിനെ വിവരം അറിയിച്ച് ഒരു മണിക്കൂർ കഴിഞ്ഞിട്ടും ആരും എത്തിയില്ലന്ന് പരാതിയുണ്ട്.