കോട്ടയം : വർഷങ്ങളായി നീണ്ടുനിന്ന തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് തർക്കത്തിന് ഒടുവിൽ പരിഹാരമാകുന്നു. ഇന്നലെ ചേർന്ന സർവകക്ഷിയോഗത്തിൽ കടമുറികൾ ഒഴിഞ്ഞ് നൽകാമെന്ന് വ്യാപാരികൾ അറിയിച്ചു. ഇതോടെ പൊളിക്കൽ നടപടികളിലേക്ക് നഗരസഭ നീങ്ങും. ഒഴിപ്പിക്കലിന്റെ ഭാഗമായി വ്യാപാരികൾക്ക് നഗരസഭ തിങ്കളാഴ്ച നോട്ടീസ് നൽകും. 30ന് മുമ്പ് കടകൾ ഒഴിഞ്ഞ് നഗരസഭ സെക്രട്ടറിക്ക് താക്കോൽ കൈമാറാനാണ് നിർദേശം. ബസ് സ്റ്റാൻഡ് അടയ്ക്കാനും ധാരണയായി. അടുത്തമാസം പത്തിന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
ഒഴിപ്പിക്കലിനെതിരെ വ്യാപാരികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിശ്ചിത സമയത്തിനുള്ളിൽ സാധനങ്ങൾ നീക്കി താക്കോലുകൾ കൈമാറാനുള്ള തീരുമാനം. ആദ്യം കൽപക കെട്ടിടമായിരിക്കും പൊളിക്കുക. പുനരധിവാസ പാക്കേജ് അടക്കമുള്ള കാര്യങ്ങൾ അടുത്ത കൗൺസിൽ യോഗത്തിലുണ്ടാകുമെന്ന് നഗരസഭ ഉറപ്പുനൽകിയെന്നും വ്യാപാരികൾ പറഞ്ഞു.
യോഗത്തിൽ വ്യാപാരി പ്രതിനിധികളായ എം.കെ ഖാദർ, മാത്യു നൈനാൻ, അബൂബക്കർ, ബൈജു എന്നിവർ നിർദേശങ്ങൾ അവതരിപ്പിച്ചു. പൊളിക്കുന്ന സ്റ്റാൻഡിന്റെ മുൻഭാഗത്ത് താത്ക്കാലികമായി സൗകര്യം ഒരുക്കണമെന്നും അവശേഷിക്കുന്നവർക്ക് നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സൗകര്യം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതടക്കമുള്ള നിർദേശങ്ങൾ അടുത്ത കൗൺസിൽ യോഗത്തിൽ പരിഗണിക്കാമെന്ന ധാരണയിൽ യോഗം പിരിഞ്ഞു. കോടതി വിധിയെത്തുടർന്ന് രണ്ട് തവണ കെട്ടിടം ഒഴിപ്പിക്കാൻ നഗരസഭ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അതേസമയം, 30 ന് കടകൾ പൂട്ടി താക്കോൽ കൈമാറിയാലും കച്ചവടം എവിടെ തുടരുമെന്നതിൽ വ്യാപാരികൾക്ക് ആശങ്കയുണ്ട്. വ്യാപാരികളും ജീവനക്കാരും അനുബന്ധ തൊഴിലാളികളുമടക്കം 800ഓളം പേരാണ് ഇതിനെ ആശ്രയിച്ച് കഴിയുന്നത്.
വ്യാപാരികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കും. അവരെ വഴിയാധാരമാക്കില്ല. പുനരധിവാസ പാക്കേജ് അടക്കമുള്ള കാര്യങ്ങൾ കൗൺസിൽ യോഗത്തിൽ തീരുമാനിക്കും - ബിൻസി സെബാസ്റ്റ്യൻ (നഗരസഭാദ്ധ്യക്ഷ)