ഏറ്റുമാനൂർ : മഹാദേവക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഇന്ന് ആരംഭിച്ച് ഒക്ടോബർ അഞ്ചിന് അവസാനിക്കും. വിവിധ പരിപാടികളോടെയാണ് ഇക്കൊല്ലത്തെ നവരാത്രി ആഘോഷിക്കുന്നതെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.ആർ.ജ്യോതി, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ.എൻ.ശ്രീകുമാർ, അംഗങ്ങളായ പി.ജി.ബാലകൃഷ്ണപിള്ള, പി.എൻ.രവീന്ദ്രൻ , പ്രേംരാജ് എന്നിവർ അറിയിച്ചു.
ഇന്ന് വൈകിട്ട് 6.30 ന് മന്ത്രി വി.എൻ. വാസവൻ നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്യും. തുടർന്ന് നവരാത്രി മണ്ഡപത്തിൽ കലാ പരിപാടികളുടെ ആരംഭം കുറിക്കും. എല്ലാ ദിവസവും വൈകിട്ട് വിവിധ കലാ പരിപാടികൾ ഉണ്ടായിക്കും. രണ്ടിന് വൈകിട്ട് 5.30 ന് ഗ്രന്ഥം എഴുന്നള്ളിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര പ്രദക്ഷിണം നടത്തി 6.30 ന് പൂജവയ്ക്കും. നാലിന് മഹാനവമി ദിവസം രാവിലെ 9 ന് സാരസ്വത സമൂഹാർച്ചന. അഞ്ചിന് രാവിലെ 7.30 നാണ് പൂജയെടുപ്പും വിദ്യാരംഭവും. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, പ്രെഫ.ആർ. ഹേമന്ത്കുമാർ, പ്രെഫ.പി.എസ്.ശങ്കരൻ നായർ, എൻ.ഉണ്ണികൃഷ്ണൻ, ശ്രീകല എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും. വൈകിട്ട് 6.30 മുതൽ ദക്ഷയാഗം കഥകളി.
ഏറ്റുമാനൂർ : ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഇന്ന് മുതൽ ഒക്ടോബർ 5 വരെ നടക്കും. ഇന്ന് രാവിലെ 7 ന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. എല്ലാ ദിവസവും ദേവി ഭാഗവത പാരായണം, ഗണപതി ഹോമം, സരസ്വതി പൂജ, വിശേഷാൽ ദീപാരാധന, ഭജന എന്നിവയുണ്ട്. ഒക്ടോബർ 2 ന് വൈകിട്ട് 6.30 ന് പൂജവയ്പ്പ്. 3 ന് ദുർഗാഷ്ടമി പൂജയും, 4 ന് മഹാനവമി പൂജയും, കുമാരി സരയുമോൾ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യവും. വിദ്യാരംഭ ദിവസമായ ഒക്ടോബർ 5 രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, സരസ്വതി പൂജ, 8 മുതൽ പൂജയെടുപ്പും വിദ്യാരംഭവും. പ്രസാദ ഊട്ടാേട് കൂടി ഉത്സവ ചടങ്ങുകൾ പൂർത്തിയാകും. ആഘോഷത്തിന് മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി, കെ എസ്.സുകുമാരൻ, ബിജോ കൃഷ്ണൻ, കൃഷ്ണൻ നമ്പൂതിരി, ശശിധരൻ മൂസത് എന്നിവർ നേതൃത്വം നൽകും.