പാലാ : കോട്ടയും ജില്ലയിലെ പ്രകൃതിരമണീയമായ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറയും, ഇല്ലിക്കൽ കല്ലും, മാർമല അരുവിയും ബന്ധിപ്പിച്ച് ഗ്രീൻടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നതിനായുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് ജോസ് കെ മാണി എം.പിയും, തോമസ് ചാഴിക്കാടൻ എം.പിയും പറഞ്ഞു. മൂന്ന് സ്ഥലങ്ങളിലേയ്ക്കും എത്തിച്ചേരുന്നതിനായുള്ള റോഡുകൾ പൂർത്തിയായി. ഈ പ്രദേശങ്ങളിൽ ടൂറിസ്റ്റുകൾക്ക് ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങൾ കൂടി വികസിപ്പിക്കും. ജോസ് കെ മാണിയുടെ ശ്രമഫലമായി കേന്ദ്രപദ്ധതിയായ പി.എം.ജി.എസ്.വൈയിൽ ഉൾപ്പെടുത്തി 309 ലക്ഷം രൂപ ചെലവഴിച്ച് ജില്ലയിലെ ഏറ്റവും ഉയർന്ന ടൂറിസ്റ്റ് കേന്ദ്രമായ ഇല്ലിക്കൽക്കല്ലിലേയ്ക്ക് നിർമ്മിച്ച റോഡ് സന്ദർശിച്ച ശേഷം സംസാരിക്കുക ആയിരുന്നു ഇരുവരും. ആഭ്യന്തര ടൂറിസം വികസനത്തിന് കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. റോഡ് പൂർത്തിയായതിന് ശേഷം ആദ്യമായി ഇവിടെ എത്തിയ എം.പിമാർക്ക് നാട്ടുകാർ ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. നടപ്പാക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ച് നാട്ടുകാരുമായി ജനപ്രതിനിധികൾ ചർച്ച ചെയ്തു. നിർദ്ദേശങ്ങൾ ടൂറിസം വകുപ്പിന് ഉടൻ കൈമാറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, പ്രൊഫ.ലോപ്പസ് മാത്യു, ടോബിൻ കെ അലക്‌സ്, അഡ്വ.ബിജു ഇളംതുരുത്തിയിൽ, സലിം യാക്കിരി, ജോണി ആലാനി, വൽസമ്മ ഗോപിനാദ് എന്നിവർക്കൊപ്പമാണ് ഇരുവരും സ്ഥലം സന്ദർശിച്ചത്.
ഇനി സ്ഥാപിക്കേണ്ടവ
വ്യൂ പോയിന്റുകൾ
വിശ്രമ സ്ഥലങ്ങൾ
സ്‌നാക്ക് ബാറുകൾ
വിനോദോപകരണം
ശൗചാലയങ്ങൾ