രാമപുരം : പഞ്ചായത്ത് ഭരണനേതൃത്വത്തിനും ഉദ്യോഗസ്ഥർക്കുമെതിരെ യു.ഡി.എഫ് നേതാക്കൾ പത്രസമ്മേളനം നടത്തി ആക്ഷേപങ്ങൾ ഉന്നയിച്ചത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും ഇതുകൊണ്ടൊന്നും തളരില്ലെന്നും രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് പറഞ്ഞു. പഞ്ചായത്ത് സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആരും അന്വേഷിച്ചോട്ടെ. ഇടതുമുന്നണിയ്ക്കും പഞ്ചായത്ത് ഭരണനേതൃത്വത്തിനും ഒന്നും ഒളിക്കാനില്ല. കഴിഞ്ഞ ജൂലായ് 23 ന് നടന്ന 2022-23 വാർഷിക പദ്ധതി അംഗീകരിക്കുന്ന കമ്മിറ്റിയിൽ 10 അംഗങ്ങളുടെ വിയോജനക്കുറിപ്പുണ്ടായി. അതിനുശേഷം 27 ന് ഭരണമാറ്റം വന്നു. 10 അംഗങ്ങളുടെ പരാതി പ്രകാരം പ്രസിഡന്റ് എന്ന നിലയിൽ ആഗസ്റ്റ് 1ന് കമ്മിറ്റി വിളിച്ചുകൂട്ടുകയും , ചർച്ച പ്രകാരം വാർഷിക പദ്ധതിയിൽ ചില ഭേദഗതികൾ വരുത്തുകയും ചെയ്തു. രാമപുരം ഗവൺമെന്റ് ആശുപത്രിയിൽ ഉച്ചകഴിഞ്ഞുള്ള സേവനത്തിനും ഡോക്ടറിനെ നിയോഗിക്കുന്നത് ഉൾപ്പെടെ ജനങ്ങൾക്ക് വളരെയേറെ പ്രയേജനം കിട്ടുന്ന പദ്ധതികൾ ഉൾപ്പെടെ ഇതിൽ അവതരിപ്പിക്കപ്പെട്ടു. കൂടുതൽ തുകയുണ്ടായിരുന്ന വാർഡുകളിൽ നിന്നും കുറവുള്ള വാർഡുകളിലേക്കും തുക മാറ്റി. ഈ പദ്ധതിയ്ക്ക് ആഗസ്റ്റ് 3 ന് ജില്ലാ പ്ലാനിംഗ് സമിതിക്ക് സമർപ്പിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തു. ഇടതുമുന്നണി ഭരിക്കുന്ന ഉഴവൂർ ബ്ലോക്കിന് കീഴിലുള്ള രാമപുരം ഗവ. ആശുപത്രിയിൽ ഉച്ചകഴിഞ്ഞ് ഒരു കാരണവശാലും രാമപുരം പഞ്ചായത്ത് സമിതി തീരുമാനമെടുത്ത് ഡോക്ടറെ നിയോഗിക്കാൻ പാടില്ലെന്ന് അഭിപ്രായപ്പെട്ട രണ്ട് യു.ഡി.എഫ് മെമ്പർമാർക്ക് ഈ തീരുമാനം ഉൾക്കൊള്ളാനായില്ല. പാവപ്പെട്ട രോഗികളെ സഹായിക്കുന്ന കാര്യത്തിൽ പോലും രാഷ്ട്രീയം കണ്ടത് പ്രസിഡന്റ് / വൈസ് പ്രസിഡന്റ് പദവി മോഹിച്ച രണ്ട് മെമ്പർമാരാണെന്നും ഷൈനി ചൂണ്ടിക്കാട്ടുന്നു.