കോട്ടയം : പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം. ഒക്‌ടോബർ അഞ്ചിന് വിജയദശമിയോടെ സമാപിക്കും. നവരാത്രി കാലത്ത് ക്ഷേത്രാനുഷ്ഠാനങ്ങൾക്കൊപ്പം വിശേഷാൽ പൂജകളായ മുറജപം,പുരുഷസൂക്താർച്ചന, ചക്രാബ്ജ പൂജ,പുഷ്പാഭിഷേകം, നിറമാല, സാരസ്വതസൂക്താർച്ചന തുടങ്ങിയ പൂജകൾ പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കലാമണ്ഡപത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറുന്നതിനൊപ്പം ദേശീയ സംഗീത നൃത്തോത്സവവും നടക്കും. ഇന്ന് രാവിലെ 4.30 ന് പള്ളിയുണർത്തൽ, വൈകിട്ട് 6 ന് പുഷ്പാഭിഷേകം. കലാമണ്ഡലത്തിൽ രാവിലെ 4 ന് സഹസ്രനാമജപം, 7 ന് ഭജൻസ്, 8 ന് രാവിലെ എട്ടിന് നവരാത്രി കലോപാസന ആരംഭം ഹരികുമാർ ചങ്ങമ്പുഴ ഭദ്രദീപം തെളിയിക്കും. 8.30ന് ശ്രുതിലയ സംഗമം, 9.30ന് ജലതരംഗ കച്ചേരി, വൈകിട്ട് 5ന് സംഗീത സദസ്, ആറിന് ദേശീയ സംഗീത നൃത്തോത്സവം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പനച്ചിക്കാട് ദേവസ്വം മാനേജർ കെ.എൻ നാരായണൻ നമ്പൂതിരി സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ഗോപാലകൃഷ്ണൻ നായർ നന്ദിയും പറയും. 7.30ന് സംഗീത സദസ്, 9.30ന് ശാസ്ത്രീയനൃത്തം, 12.30ന് ഭരതനാട്യം. ഒക്‌ടോബർ ഒന്നിന് ഉച്ചയ്ക്ക് 12 ന് സാരസ്വതം സ്‌കോളർഷിപ്പ് ഉദ്ഘാടനവും വിതരണവും. ഒക്‌ടോബർ രണ്ടിന് വിശിഷ്ട ഗ്രന്ഥങ്ങൾ വഹിച്ചുകൊണ്ടുളള രഥഘോഷയാത്ര, ഗ്രന്ഥം എഴുന്നള്ളത്ത്, പൂജവയ്പ്പ്. ഒക്‌ടോബർ നാലിന് മഹാനവമി ദർശനം. അഞ്ചിന് രാവിലെ പൂജയെടുപ്പോടെ വിദ്യാരംഭത്തിന് തുടക്കം കുറിക്കും.