പൊൻകുന്നം: ശബരിമല തീർത്ഥാടനത്തിന് ഇനി ഒന്നരമാസംകൂടി മാത്രം. മറ്റൊരു തീർത്ഥാടനകാലത്തേക്ക് അടുക്കുമ്പോൾ ഒരുക്കങ്ങൾ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. പ്രളയവും കൊവിഡും വരുത്തിയ പ്രതിസന്ധകളിൽ നിന്നൊക്കെ കരകയറി നിയന്ത്രണങ്ങളും നിരോധനങ്ങളുമില്ലാതെ ഒരു തീർത്ഥാടനകാലമാണ് ഇനി വന്നെത്തുക. അയ്യപ്പന്മാരുടെ തിരക്ക് വലിയതോതിൽ വർദ്ധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.തീർത്ഥാടകരെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങൾ ഉടൻ ആരംഭിക്കണമെന്ന അഭിപ്രായമുയരുമ്പോഴും റോഡുകൾപോലും പൂർണമായും സജ്ജമായിട്ടില്ല.

വൃശ്ചികം ഒന്നിനു മുമ്പേ എരുമേലിയിലേക്കുള്ള എല്ലാറോഡുകളിലും അയ്യപ്പന്മാരുടെ വാഹനങ്ങൾ നിറയും.നിലവിൽ പല റോഡുകളും തകർന്നുകിടക്കുകയാണ്. പ്രധാനകവാടമായ 26-ാം മൈൽ പാലം അപകടാവസ്ഥയിലാണ്.പ്രധാനപാതകളിൽ തിരക്ക് വർദ്ധിക്കുമ്പോൾ തീർത്ഥാടകർ ആശ്രയിക്കുന്ന സമാന്തരപാതകളും മറ്റ് ചെറുപാതകളും സഞ്ചാരയോഗ്യമല്ലാത്തവിധം തകർന്നു. ദേശീയപാതയും പുനലൂർ മൂവാറ്റുപുഴ സംസഥാനപാതയും മാത്രമാണ് വലിയ കുഴപ്പങ്ങളില്ലാതെ സഞ്ചരിക്കാവുന്ന റോഡുകൾ. ദേശീയപാതയിൽ പൊൻകുന്നം ടൗൺ മുതൽ എരുമേലിക്ക് തിരിയുന്ന പ്രധാന ജംഗ്ഷനായ കെ.വി.എം.എസ്.കവല വരെ തകർന്ന നിലയിലാണ്. ഈ ഭാഗം സ്ഥിരം അപകടമേഖലയാണ്. ആറുമാസം മുമ്പ് രണ്ട് അപകടങ്ങളിലായി രണ്ടുപേരുടെ ജീവൻ നഷ്ടമായി. വാഹനത്തിരക്ക് വർദ്ധിക്കുമ്പോൾ റോഡിലെ കുഴികൾ പൂർണമായും ഇല്ലാതാക്കി ഗതാഗതനിയന്ത്രണം കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്.

വേണം വിശ്രമകേന്ദ്രങ്ങൾ


വടക്കൻകേരളത്തിൽനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നുമായി ആയിരക്കണക്കിന് തീർത്ഥാടകർ ദിനംപ്രതിയെത്തുന്നത് മൂവാറ്റുപുഴ ,പാലാ,പൊൻകുന്നം വഴിയാണ്. ഇവിടെ ആവശ്യത്തിന് അടയാളബോർഡുകളും ദിശാബോർഡുകളും സ്ഥാപിച്ചിട്ടില്ല. തീർത്ഥാടകർക്കായി വഴിയോരവിശ്രമകേന്ദ്രങ്ങൾ ഒരുക്കണമെന്നും വിവിധ കേന്ദ്രങ്ങളിൽ നിന്നും ആവശ്യമുയുരുന്നുണ്ട്. പമ്പയിലും സന്നിധാനത്തും തിരക്ക് വർദ്ധിക്കുമ്പോൾ ഈ വിശ്രമകേന്ദങ്ങളിൽ അയ്യപ്പന്മാരെ നിയന്ത്രിക്കാനാകുമെന്നും അയ്യപ്പസേവാസംഘം ഉൾപ്പെടെ സംഘടനകൾ അഭിപ്രായപ്പെടുന്നു.