മുണ്ടക്കയം: മുണ്ടക്കയം പുത്തൻചന്ത പഞ്ചായത്ത് സ്റ്റേഡിയത്തിൽ നിക്ഷേപിച്ചിരിക്കുന്ന മണൽ പൂർണമായും നീക്കാതെ ഗ്രൗണ്ട് നവീകരിക്കാനുള്ള നടപടികൾ പ്രതിഷേധത്തെ തുടർന്ന് നിറുത്തിവെച്ചു. ജെ.സി.ബി ഉപയോഗിച്ച് നിലവിലെ മണൽവാരി കൂനയാക്കാനുള്ള പഞ്ചായത്തിന്റെ ശ്രമമാണ് വാർഡ് മെമ്പർ ഷീബ ദിഫയിന്റെ നേതൃത്വത്തിൽ തടഞ്ഞത്. ഗ്രൗണ്ടിലെ ചെളികളും മണലും പൂർണമായി നീക്കം ചെയ്യാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പഞ്ചായത്തിന്റെ നീക്കമാണ് നടക്കുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഗ്രൗണ്ടിലെ ചെളിയും മണലും അരികിലേക്ക് കൂട്ടിയിട്ടാൽ മഴയിൽ ഗ്രൗണ്ടിൽ തന്നെ എത്തുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ജനകീയ സമിതി അംഗങ്ങളായ നിയാസ്, നൗഫൽ, ഷംസീർ, അനീഷ്, സുഹൈൽ, സതീഷ്, ഷുഹൈബ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. എന്നാൽ സ്റ്റേഡിയം നവീകരണത്തിനായി എം.എൽ.എ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും, നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ മണൽ പൂർണമായും സ്റ്റേഡിയത്തിൽ നിന്നും മാറ്റുവാൻ കഴിയുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് പറഞ്ഞു.