കോട്ടയം:പനച്ചിക്കാട് ദക്ഷിണമൂകാംബി സരസ്വതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. നവരാത്രി മഹോത്സവത്തിന്റെ ആദ്യ ദിനമായ ഇന്നലെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവർ ക്ഷേത്രദർശനം നടത്തി. രാവിലെ ക്ഷേത്രത്തിലെത്തിയ ജെ.പി നദ്ദയെ ക്ഷേത്രം അധികൃതർ ചേർന്ന് സ്വീകരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി എന്നിവരും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിലെ നവരാത്രി കലാപരിപാടികൾ കേന്ദ്ര സഹമന്ത്രി വി.മുരളീധരനും, ഹരികുമാർ ചങ്ങമ്പുഴയും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ദേശീയ സംഗീത നൃത്തോത്സവത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പനച്ചിക്കാട് ദേവസ്വം മാനേജർ കെ.എൻ നാരായണൻ നമ്പൂതിരി സ്വാഗതവും പ്രോഗ്രാം കോഓർഡിനേറ്റർ കെ.ഗോപാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.
ക്ഷേത്രത്തിൽ ഇന്ന്,
രാവിലെ 4.30ന് പള്ളിയുണർത്തൽ, വൈകിട്ട് 6ന് പുഷ്പാഭിഷേകം, 8.30ന് നടയടയ്ക്കൽ. കലാമണ്ഡപത്തിൽ രാവിലെ 4ന് സഹസ്രനാമജപം, 5ന് ഭക്തിസുധ, 6ന് സമ്പ്രദായഭജന, 7ന് ഭജന, 8 മുതൽ വൈകിട്ട് 4.20 വരെ വയലിൻ, സംഗീതം, കീബോർഡ്, കുച്ചിപ്പുഡി, മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിര എന്നിവ നടക്കും. 4.30 മുതൽ 6 വരെ സംഗീതസദസ്, മോഹിനിയാട്ടം. 7ന് ദേശീയ സംഗീത നൃത്തോത്സവം, 8.30 മുതൽ 12.30 വരെ ശാസ്ത്രീയ നൃത്തം.