കൊച്ചിടപ്പാടി-കവീക്കുന്ന് റോഡിനെ കൈയൊഴിഞ്ഞ് അധികൃതർ
പാലാ: കൊച്ചിടപ്പാടി കവീക്കുന്ന് റോഡിനോട് ആർക്കാണിത്ര അയിത്തം.? ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ കൊച്ചിടപ്പാടി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കവീക്കുന്നിലേക്കുള്ള റോഡിന്റെ കുറേയധികം ഭാഗം തകർന്നുതരിപ്പണമായിട്ടും അധികാരികൾക്ക് മിണ്ടാട്ടമില്ല. നഗരസഭയിൽ രാഷ്ട്രീയ ചേരിതിരിവുകളിൽ വീർപ്പുമുട്ടി കിടക്കുന്ന കൊച്ചിടപ്പാടി കവീക്കുന്ന് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.നഗരസഭയുടെ 7,8 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ കൊച്ചിടപ്പാടി വാർഡിലെ ഭാഗമാണ് കൂടുതൽ തകർന്നിരിക്കുന്നത്. നാല് കിലോമീറ്ററോളം ദൂരം വരുന്ന വഴിയാണിത്. ഇതിലെ ഒരു കിലോമീറ്റർ ഭാഗത്ത് കാൽനടയാത്രപോലും ദുസഹമാണ്.കവീക്കുന്ന് പള്ളിയിലേക്കും നഗരസഭയുടെ ചെക്ക്ഡാം കം ഓപ്പൺ സ്വിമ്മിംഗ് പൂളിലേക്കും പോകുന്നതും ഇതുവഴിയാണ്.
ഒമ്പത് ലക്ഷം അനുവദിച്ചെങ്കിലും...
കൊച്ചിടപ്പാടി കവീക്കുന്ന് റോഡ് ടാർ ചെയ്യുന്നതിനായി മാണി സി.കാപ്പൻ എം.എൽ.എ ഒമ്പത് ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടർന്ന് രണ്ടരലക്ഷം രൂപ നിരതദ്രവ്യം കെട്ടിവച്ച് പണിയേറ്റെടുക്കാൻ കരാറുകാരൻ രംഗത്തുവരികയും ചെയ്തു. എന്നാൽ പൊടുന്നനെ കരാറുകാരന്റെ അപേക്ഷ നഗരസഭ നിരസിച്ചു. കൊച്ചിടപ്പാടി കവീക്കുന്ന് റോഡിനെക്കുറിച്ച് പരാതികൾ ഉണ്ടെന്നും സിംഗിൾ ടെണ്ടറാണെന്നുമാണ് നഗരസഭാധികാരികളുടെ ഭാഷ്യം.
അതേസമയം റോഡ് പണി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു പരാതിയും നിലവിലില്ലെന്ന് വാർഡ് കൗൺസിലർ സിജി ടോണി പറയുന്നു. അങ്ങനെ പരാതിയുണ്ടെങ്കിൽ അത് പുറത്തുവിടാൻ അധികാരികൾ തയാറാകണമെന്നും സിജി ടോണി ആവശ്യപ്പെടുന്നു.