പാലാ: ശിവഗിരിയിൽ വാഴുന്ന അക്ഷരസ്വരൂപിണി ശ്രീശാരദാദേവിയുടെ ചൈതന്യം നിറഞ്ഞ പവിത്രമണ്ണിൽ അക്ഷരമെഴുതാൻ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രമൊരുങ്ങി.
വിജയദശമിനാളിൽ കാവിൻപുറം ക്ഷേത്രത്തിൽ പാരമ്പര്യരീതിയിലുള്ള മണലിലെഴുത്തിന് വിരിക്കുന്നത് ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തി പുണ്യപ്രസിദ്ധമായ ശിവഗിരി ശാരദാക്ഷേത്രാങ്കണത്തിലെ പഞ്ചാരമണലാണ്. ലക്ഷക്കണക്കിന് കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ശാരദാദേവിക്ഷേത്ര സന്നിധിയിലെ പഞ്ചാരമണൽ ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദയിൽ നിന്ന് കാവിൻപുറം ക്ഷേത്രപ്രതിനിധികളായ ശ്രീജ സുനിൽ, എസ്.അഭിനവ കൃഷ്ണ, മല്ലികശ്ശേരി എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് രാജൻ ഈട്ടിക്കൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
കാവിൻപുറം ക്ഷേത്രത്തിൽ തൂലികാപൂജയും പൂജിച്ച പേനകളുടെ സൗജന്യവിതരണവും നടക്കും. പാരമ്പര്യരീതിയിൽ മണലിൽ ഹരിശ്രീ കുറിക്കാൻ നൂറുകണക്കിന് ആളുകളാണ് വിജയദശമിനാളിൽ കാവിൻപുറത്ത് എത്തുക. ഏതെങ്കിലും പവിത്ര ക്ഷേത്രസന്നിധിയിലെ മണൽ വിരിച്ചാണിവിടെ ഭക്തർ ഹരിശ്രീ കുറിക്കുന്നത്. ഇത്തവണ ഇതിനായി ശാരദാദേവി ക്ഷേത്രത്തിലെ മണ്ണാണ് എത്തിക്കുന്നത്. 1912ലാണ് അറിവിന്റെ ദേവതയായ ശാരദാദേവിയെ ശിവഗിരിയിൽ ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠിച്ചത്. ചിത്രപൗർണ്ണമി നാളിലായിരുന്നു പ്രതിഷ്ഠ. നവരാത്രിയോടനുബന്ധിച്ചുള്ള തൂലികാ പൂജയും പൂജവയ്പും ഒക്‌ടോബർ 2ന് ഞായറാഴ്ച വൈകിട്ട് 6ന് കാവിൻപുറം ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്വരസ്വതീ മണ്ഡപത്തിൽ ആരംഭിക്കും.
മുഴുവൻ വിദ്യാർത്ഥികൾക്കും തൂലികാ പൂജയ്ക്ക് ശേഷം പേനകൾ പ്രസാദമായി വിതരണം ചെയ്യും. തുമ്പയിൽ രാമകൃഷ്ണൻ നായരാണ് ഇത്തവണയും വഴിപാടായി തൂലിക സമർപ്പിക്കുന്നത്. വിജയദശമിനാളിൽ സവിശേഷമായ മധുരഫല മഹാനിവേദ്യ സമർപ്പണവും വിതരണവുമുണ്ട്. എത്തിച്ചേരുന്ന മുഴുവൻ ഭക്തർക്കും അവൽപ്രസാദവും നൽകും. തൂലികാപൂജയ്ക്ക് മേൽശാന്തി വടക്കേൽഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. പ്രശസ്ത കവി ആർ.കെ വള്ളിച്ചിറയാണ് മണലിലെഴുത്തിന്റെ ആചാര്യസ്ഥാനം വഹിക്കുന്നത്. തൂലികാപൂജയ്ക്കും പാരമ്പര്യരീതിയിൽ മണലിൽ ഹരിശ്രീ കുറിയ്ക്കുന്നതിനും മുൻകൂർ ബുക്ക് ചെയ്യണം.ഫോൺ: 9745260444.