മുണ്ടക്കയം: വിദ്യാഭ്യാസരംഗത്ത് ഐക്യ മലയരയ മഹാസഭ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ട്രൈബല്‍ മാനേജ്‌മെന്റിന്റെ കീഴില്‍ ഇന്ത്യയിലെ ആദ്യ എയ്ഡഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ മുരിക്കുംവയല്‍ ശ്രീ ശബരീശ കോളേജിന്റെയും ഇടുക്കി നാടുകാണി ട്രൈബല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ദേവാലയങ്ങളില്‍ നിന്ന് വിദ്യാലയങ്ങളിലേക്ക് എന്ന മുദ്രാവാക്യത്തിന് ആധുനിക കേരള ചരിത്രത്തിന്റെ പഴക്കമുണ്ട്. വിവേചനം, അയിത്തം, തൊട്ടു കൂടായ്മ എന്നീ ദോഷകരമായ സാഹചര്യം നിലനിന്നിരുന്ന ഘട്ടത്തില്‍ അത് ദുരീകരിച്ച് സമൂഹത്തെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കിയത് . ദേവാലയങ്ങളല്ല നമുക്കു വേണ്ടത് വിദ്യാലയങ്ങളാണന്ന് ശ്രിനാരായണഗുരുവും നാടിനെ ഉദ്‌ബോധിപ്പിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസമടക്കമുളള പ്രശ്‌നങ്ങളുടെ പരിഹാരം ലക്ഷ്യമിട്ടുളള പ്രവര്‍ത്തനമാണ് ഈ സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍ സ്റ്റാര്‍ട്ട് അപ് മിഷന്‍ ലോഞ്ചിംഗ് നിര്‍വഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എ മെറിറ്റ് അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ഇന്നവേഷന്‍ കൗണ്‍സില്‍ ലോഞ്ചിംഗ് ഡോ.സാബു തോമസും എത്‌നിക് ക്ലബ്ബ് ഉദ്ഘാടനം കെ.ജെ.തോമസും നിര്‍വഹിച്ചു. ഐക്യ മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ.സജീവ്, സി.ആര്‍.ദിലീപ് കുമാര്‍, കെ.ആര്‍.ഗംഗാധരന്‍, പ്രൊഫ. വി.ജി ഹരീഷ് കുമാര്‍, ഡോ.സി.കെ.സ്മിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.പ്രദീപ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എന്‍. സോമരാജന്‍, സിനിമോള്‍ തടത്തില്‍, എഡ്യുക്കേഷൻ ട്രസ്റ്റ് ട്രഷറർ പത്മാക്ഷി വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു.