ഏറ്റുമാനൂർ : പണി പൂർത്തിയായി വരുന്ന മണർകാട് - ഏറ്റുമാനൂർ ബൈപ്പാസ് നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. തവളക്കുഴിയിൽ റോഡിന്റെ നിർമ്മാണം വിലയിരുത്തുവാൻ എത്തിയതായിരുന്നു മന്ത്രി. ബൈപ്പാസ് പൂർത്തിയാകുന്നതോടെ ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടന്നും റിംഗ് റോഡുകൾ കൂടി പൂർത്തിയാകുമ്പോൾ ഏറ്റുമാനൂരിന്റെ ഈ ശാപം പുർണ്ണമായും മാറുമെന്നും മന്ത്രി പറഞ്ഞു. നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്താണ് റോഡ് പണി പൂർത്തിയാക്കിയത്. ഒരാളുടെ കിടപ്പാടം ഒഴിവാക്കാൻ തന്നെ 26 ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടി വന്നു. പട്ടിത്താനം മുതൽ പാറകണ്ടം വരെയുള്ള അവസാന റീച്ച് ടാറിംഗ് ജോലികൾ മന്ത്രി സന്ദർശിച്ച് വിലയിരുത്തി. അവസാന റീച്ചായ 1.8 കിലോമീറ്റർ റോഡാണ് ഇപ്പോൾ ടാറിംഗ് നടക്കുന്നത്.

സിഗ്നൽ ബോർഡുകൾ സ്ഥാപിക്കും

ബൈപ്പാസ് റോഡ് കടന്നു പോകുന്ന ജംഗ്ഷനുകളിൽ പൊതുമരാമത്ത് വകുപ്പ് സിഗ്‌നൽ ബോർഡുകൾ സ്ഥാപിക്കും.12.6 കോടി രൂപ ചെലവിലാണ് പട്ടിത്താനം മുതൽ പാറകണ്ടം വരെയുള്ള ഭാഗം നിർമ്മിക്കുന്നത്. പേരൂർ പൂവത്തുംമൂട് മുതൽ ഏറ്റുമാനൂർ പാറകണ്ടംവരെയുള്ള ഭാഗത്തെ റോഡാണ് രണ്ടാംഘട്ടത്തിൽ പണി പൂർത്തീകരിച്ചത്. കലുങ്ക് നിർമാണവും, ഓട നിർമ്മാണവും പൂർത്തിയായി.

എളുപ്പമാർഗം

ബൈപ്പാസ് പൂർത്തിയാകുന്നതോടെ ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി നഗരങ്ങളിലെ കുരുക്കൊഴിവാക്കി തിരുവല്ലയിലെത്താനാകും. ബൈപ്പാസിന്റെ ഒന്നാംറീച്ചായ മണർകാട് മുതൽ പൂവത്തുംമൂട് പാലംവരെയുള്ള ഭാഗം 2015ലും രണ്ടാമത്തെ റീച്ചായ പൂവത്തുംമൂട് പാലം മുതൽ പാലാ റോഡിലെ പറകണ്ടംവരെയുള്ള ഭാഗം 2019ലും പൂർത്തിയായിരുന്നു.