വൈക്കം: നവരാത്രി ഉത്സവ ലഹരിയിൽ വൈക്കം. വിവിധ ക്ഷേത്രങ്ങളിൽ നവരാത്രി ഉത്സവത്തിന് ഒരുക്കങ്ങളായി. ഉദയനാപുരം ചാത്തൻകുടി ദേവിക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഇന്ന് വൈകിട്ട് 7നും 8 നുമിടയിൽ തന്ത്റി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറും. ഉത്സവത്തിന്റെ മുന്നോടിയായി ദ്റവ്യകലശം നടത്തി. 29ന് കലശാഭിഷേകം, ഓട്ടൻതുള്ളൽ, 30ന് ശാസ്ത്രീയ നൃത്തം ഒക്ടോബർ 1ന് ഭജന, 2ന് പൂജവയ്പ്, ദുർഗാഷ്ടമി ദിനമായ 3ന് വൈകിട്ട് 7ന് കുറത്തിയാട്ടം. മഹാനവമി ദിനമായ 4ന് ശ്രീബലി, പഞ്ചാരിമേളം, പഞ്ചവാദ്യം മഹാനവമി വിളക്ക് 5ന് വിജയദശമി, ആറാട്ടെഴുന്നള്ളിപ്പ്, നൃത്തനൃത്യങ്ങൾ, ആറാട്ട് വരവ്, വലിയകാണിക്ക എന്നിവയാണ് പരിപാടികൾ.

മൂത്തേടത്തുകാവ് മഴുവഞ്ചേരി ക്ഷേത്രത്തിൽ ദേവിഭാഗവത നവാഹയജ്ഞവും നവരാത്രി ഉത്സവവും മഹാഗണപതി ഹോമവുമാണ് ചടങ്ങുകൾ. ഒക്ടോബർ 5ന് സമാപിക്കും. ഇണ്ടംതുരുത്തി ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ച വിഗ്രഹം ക്ഷേത്രം തന്ത്റി ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മണ്ഡപത്തിൽ പ്രതിഷ്ഠിച്ചു. ക്ഷേത്രം മേൽശാന്തി ഭദ്റേശൻ തന്ത്റി ഗ്രന്ഥസമർപ്പണം നടത്തി. കൈനകരി രമേശനാണ് ആചാര്യൻ. വിവിധ കലാപരിപാടികളും നടക്കും.

വൈക്കം അയ്യർകുളങ്ങര കുന്തീദേവി ക്ഷേത്രത്തിലെ ദേവി ഭാഗവത നവാഹയജ്ഞത്തിനും നവരാത്രി ആഘോഷങ്ങൾക്കും പാലാ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വീരസംഗാനന്ദ ദീപപ്രകാശനം നടത്തി. വൈക്കം വിജയകുമാറാണ് ആചാര്യൻ. കുമാരി പൂജ, സർവൈശ്വര്യ പൂജ, തുളസി പൂജ എന്നിവ നടക്കും. ഒക്ടോബർ 2ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം 4ന് സ്വാമി അയ്യപ്പദാസന്റെ പ്രഭാഷണം.

വൈക്കം ഗൗഡ സാരസ്വത ബ്രാഹ്മണ സമാജത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 5വരെ ഭജന, ബൊമ്മക്കൊലു പ്രദർശനം, കുമാരി പൂജ, പൂജ വയ്പ്, പൂജയെടുപ്പ് വിവിധ കലാപരിപാടികൾ എന്നിവ നടക്കും.


കല്ലറ ശ്രീശാരദ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ തുടങ്ങി. വിദ്യാരംഭ ചടങ്ങ് ഒക്ടോബർ 5 ന് നടക്കും. വിജയദശമി നാളിൽ പാരമ്പര്യ രീതിയിലുള്ള മണൽ എഴുത്തിനും ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ഹരിശ്രീ എഴുതിക്കൽ ചടങ്ങുകൾക്കും മേൽശാന്തി അജിത്ത് പാണാവള്ളി മുഖ്യകാർമികത്വം വഹിക്കും. പൂജവയ്പിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും വിദ്യാരംഭദിവസം ശാരദ ദേവിയുടെ പീഠത്തിൽ വച്ച് പൂജിച്ച് പഠനോപകരണങ്ങളും ദേവീ പ്രസാദവും വിതരണം ചെയ്യും. ക്ഷേത്രാങ്കണത്തിലുള്ള നവരാത്രി മണ്ഡപത്തിൽ 5 വരെ എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികൾ.

വെള്ളൂർ പടിഞ്ഞാ​റ്റുകാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ദേവീഭാഗവത നവാഹയജ്ഞം ആരംഭിച്ചു. ഒക്ടോബർ 2ന് സമാപിക്കും.ദുർഗാഷ്ടമി ദിനമായ 3ന് വൈകിട്ട് 7ന് പൂജവയ്പ്. വിജയദശമി ദിനത്തിൽ രാവിലെ 8ന് പൂജയെടുപ്പ്, വിദ്യാരംഭം.

ആണ്ടൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. ഒക്ടോബർ 5ന് സമാപിക്കും. തിരുനക്കര മധുസൂദന വാരിയരാണ് യജ്ഞാചാര്യൻ. ചെങ്ങന്നൂർ മുരളി, മോഹന വാരിയർ, അജിത്ത് ശർമ പിറവം എന്നിവരാണ് സഹആചാര്യന്മാർ.
നവരാത്രി ഉത്സവം ഒക്ടോബർ 2 മുതൽ 5 വരെ നടത്തും. 2ന് വൈകിട്ട് 6.30ന് അനഘ ജെ.കോലത്ത് ഉദ്ഘാടനം ചെയ്യും. 7ന് നൃത്തആരാധന. 3ന് ദുർഗാഷ്ടമി, തിരുവാതിരകളി, വയലിൻ കച്ചേരി. മഹാനവമി ദിനമായ 4ന് രാവിലെ 8 മുതൽ മലയാള ബ്രാഹ്മണ സമാജം അവതരിപ്പിക്കുന്ന പരിപാടികൾ, വൈകിട്ട് 6.30ന് ഭജൻസ്, വിജയദശമി ദിനമായ 5ന് വൈകിട്ട് 6.30ന് സംഗീത ആരാധന.

കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ - ശ്രീആഞ്ജനേയ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 3,4,5 തീയതികളിൽ നടക്കും. 3ന് വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, തുടർന്ന് പള്ളിവാളിൽ കുടിയിരുത്തി മഹാഗുരുതിപൂജ, 7ന് സംഗീതാർച്ചന. 4ന് 8.30ന് ഗ്രന്ഥപൂജ, തുടർന്ന് മഞ്ഞളാട്ടം, 6.15ന് മഞ്ഞൾ നീരാട്ട്, 8.30ന് വിശേഷാൽ ദീപാരാധന, ഭക്തിഗാനാമൃതം. 5ന് രാവിലെ 6ന് സരസ്വതിപൂജ, തുടർന്ന് വിദ്യാരാജ്ഞി പൂജ, 9.04ന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം, വൈകിട്ട് 6.45ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 7ന് സംഗീതാർച്ചന.