പാലാ: കൊച്ചിടപ്പാടി-കവീക്കുന്ന് റോഡിനോട് നഗരഭരണ നേതൃത്വം അവഗണന കാട്ടുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ റോഡിലെ കുഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫ. സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിലാണ് വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചത്. റോഡ് നന്നാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു. മാണി സി.കാപ്പൻ എം.എൽ.എ അനുവദിച്ച 9 ലക്ഷത്തിന്റെ ഫണ്ട് വിനിയോഗിക്കുന്നതിന് നഗരഭരണനേതൃത്വം തടസം സൃഷ്ടിച്ചതാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ കുറ്റപ്പെടുത്തി. പ്രൊഫ.സതീശ് ചൊള്ളാനിയോടൊപ്പം കൊച്ചിടപ്പാടി വാർഡ് കൗൺസിലർ സിജി ടോണി, മറ്റ് പ്രതിപക്ഷ കൗൺസിലർമാരായ വി.സി. പ്രിൻസ്, ജോസ് എടേട്ട്, ലിജി ബിജു, ആനി ബിജോയി എന്നിവരും കുത്തിയിരുപ്പ് സമരത്തിൽ പങ്കെടുത്തു.