തോട്ടിൽ പോളനിറഞ്ഞതോടെ ബോട്ട് കരയിലേക്ക് അടുപ്പിക്കാൻ കഴിയാതെ ജീവനക്കാർ, മത്സ്യത്തൊഴിലാളികൾക്കും ദുരിതം
കുമരകം:തോട്ടിൽ പോള നിറഞ്ഞാൽ മനസിൽ ആധിയാണ്. ടൂറിസ്റ്റ് ബോട്ടുകളിലെ ജീവനക്കാർക്ക് മുതൽ മത്സ്യത്തൊഴിലാലികൾക്ക് വരെ. തോട് പോള മൂടിയാൽ ഇവരുടെ അന്നത്തിനുള്ള മാർഗമാണ് അടയുന്നത്. കുമരകം ബോട്ടുജെട്ടി വേമ്പനാട്ട് കായൽ തോട്ടിൽ പോള തിങ്ങിയത് മുഹമ്മ കുമരകം ബോട്ട് സർവീസിനെയും മത്സ്യ,കക്ക,മണ്ണ് വാരൽ തൊഴിലാളികളെ ഉൾപ്പെടെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ബോട്ട് സർവീസുകളെ ഉൾപ്പെടെ പ്രതിസന്ധിയിലായതോടെ തൊഴിലാളികൾ തന്നെ തോടു തെളിയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും പൂർണമായും ഫലപ്രദമായില്ല. വേലിയേറ്റത്തിലും കാറ്റിലും പോള ശക്തമായി തിരികെ കയറുന്നതിനാൽ, ഭാഗങ്ങളാക്കി കയർ കെട്ടി തിരിച്ച് പോളയുടെ കടന്നുകയറ്റത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് തൊഴിലാളികൾ. മുഖാരത്ത് 250 മീറ്ററെങ്കിലം കായലിലേയ്ക്ക് വേലി നിർമ്മിച്ചാൽ മാത്രമേ പോളകയറ്റം ഫലപ്രദമായി പരിഹരിയ്ക്കാനാകൂ. പ്രശ്നപരിഹാരത്തിന് കൂടുതൽ ഫണ്ട് ആവശ്യമായതിനാൽ ഗ്രാമപഞ്ചായത്തും ഇറിഗേഷൻ വകുപ്പും തിരിഞ്ഞു നോക്കിയില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇരട്ടിദുരം
കായലിൽ നിന്നും തോട്ടിലേയ്ക്കുള്ള പോള കയറ്റം മുഹമ്മ-കുമരകം ബോട്ട് സർവീസിനെ ആശ്രയിക്കുന്ന യാത്രക്കാർക്കും ഇരട്ടിദുരിതമായി. ബോട്ട് കായൽ തീരത്തെ കുരിശടിയിൽ നിർത്തി യാത്രക്കാരെ ഇറക്കുന്ന സാഹചര്യമുണ്ട്. ഇത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു.