water

കോട്ടയം. ജില്ലയിലെ മീനച്ചിൽ, മണിമല ആറുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം ഭീതിജനകമായ തോതിലെന്ന് കണ്ടെത്തൽ. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇത് വെളിപ്പെട്ടത്. പുഴയിൽ കലരുന്ന മനുഷ്യവിസർജ്യത്തിന്റെ തോത് തീവ്രമാണെന്ന് ഇത് തെളിയിക്കുന്നതായി ഗവേഷകർ പറയുന്നു.

ജില്ലയിലെ അമ്പതിലധികം കുടിവെള്ള പദ്ധതികളുടെ സ്രോതസായ മീനച്ചിലാറ്റിലെ വെള്ളത്തിൽ ഏഴു സാമ്പിളുകളിൽ രണ്ടായിരത്തിന് മുകളിലാണ് ഫീക്കൽ കോളിഫോം ബാക്ടീരിയ. മീനച്ചിലാറ്റിന്റെ ഉത്ഭവ സ്ഥാനമായ അടുക്കം മുതൽ ഇല്ലിക്കൽ വരെ 10 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലാ സാമ്പിളുകളിലും ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ട്. മീനച്ചിലാറിൽ 16 ഇടങ്ങളിലും മണിമലയാറിൽ 24 ഇടങ്ങളിൽ നിന്നും വെള്ളം ശേഖരിച്ചു പഠനം നടത്തിയതിൽ ഏഴു സാമ്പിളുകളിൽ രണ്ടായിരത്തിന് മുകളിലാണ് എഫ്.സി. കൗണ്ട്. കുടിവെള്ളത്തിൽ ഫീക്കൽ കോളിഫോം സാന്നിദ്ധ്യം ഉണ്ടാകരുതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. കോളിഫോം ബാക്ടീരിയയുടെ അളവിന് പുറമേ ജലത്തിൽ പി.എച്ച്.ലെവൽ, ടി.ഡി.എസ് എന്നിവ ഉയർന്നതായും കണ്ടെത്തലുണ്ട്. ഗാർഹിക, നഗര ദ്രവ മാലിന്യങ്ങളുടെ സാന്നിദ്ധ്യവും നദികളിൽ വർദ്ധിച്ചിട്ടുണ്ട്.

ലോക്ക്ഡൗൺ കാലത്ത് നടത്തിയ പഠനത്തിൽ മലിനീകരണത്തിന്റെ തോത് വൻ തോതിൽ കുറഞ്ഞിരുന്നു. കൊവി‌‌ഡ് കാലത്ത് പാഴ്സൽ സാധനങ്ങളുടെ വ്യാപനം കൂടിയതോടെ ഡിസ്പോസിബിൾ വസ്തുക്കൾ വൻതോതിൽ മീനച്ചിലാറ്റിലേക്ക് എത്തി.

കോട്ടയം മെഡിക്കൽ കോളേജ്, കുട്ടികളുടെ ആശുപത്രി അടക്കം നിരവധി സ്ഥാപനങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് മീനച്ചിലാറ്റിൽ നിന്നാണ് . കോളിഫോം സാന്നിദ്ധ്യമുള്ള വെള്ളം ഉപയോഗിച്ചാൽ മഞ്ഞപ്പിത്തം, മലേറിയ അടക്കം ജലജന്യരോഗങ്ങൾ പകരുമെന്നാണ് ആരോഗ്യവിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.

കോളിഫാം ബാക്ടീരിയ കൂടുതൽ.

ആറുമാനൂർ.

നാഗമ്പടം.

പുന്നത്തുറ.

തിരുവഞ്ചൂർ.

ഇറഞ്ഞാൽ.

ഇല്ലിക്കൽ.

കിടങ്ങൂർ.

ട്രോപ്പിക്കൽ ഇൻസ്റ്റിറ്റിൂട്ട് ഒഫ് ഇക്കോളജിക്കൽ സ്റ്റഡീസ് ഡയറക്ടർ ഡോ.പുന്നൻ കുര്യൻ പറയുന്നു.

മീനച്ചിലാർ പരിസരത്ത് വ്യവസായ കേന്ദ്രങ്ങൾ കുറവായതിനാൽ ജനവാസ കേന്ദ്രങ്ങളിൽ നിന്നാണ് മാലിന്യങ്ങൾ എത്തുന്നത്. മലിനീകരണം തടയാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തമാകും ഉണ്ടാവുക.