മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് സൊസൈറ്റിയുടെ ഫാക്ടറിയിൽ വീണ്ടും മോഷണം
പാലാ: ആൾത്താമസമില്ലാത്ത വീടിന്റെ കഴിക്കോലുവരെ ഊരിക്കൊണ്ട് പോകുക എന്ന് കേട്ടിട്ടുണ്ട്. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന മീനച്ചിൽ റബർ മാർക്കറ്റിംഗ് ആൻഡ് പ്രോസസ്സിംഗ് സൊസൈറ്റിയുടെ കരൂർ വെള്ളഞ്ചൂരിലെ ഫാക്ടറിയുടെ അവസ്ഥയും ഇതുതന്നെയാണ്.
പൂട്ടിപ്പോയ ഫാക്ടറിയുടെ അടിവേര് വരെ മാന്തുന്ന രീതിയിൽ മോഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം ഫാക്ടറിയിലെ മെഷീനുകളുടെ കവറുകൾവരെ മോഷണം പോയി. ഫാക്ടറി പുനരാരംഭിക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ ആലോചന നടക്കുന്നതിനിടെയാണ് വിലപ്പെട്ട വസ്തുക്കൾ മോഷണം പോയിരിക്കുന്നത്. സൊസൈറ്റിയുടെയും ഫാക്ടറിയുടെയും പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെ സർക്കാർ നിയോഗിച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ്. ഇതിന് മുമ്പ് പലവട്ടം ഇവിടെ നിന്ന് വീപ്പകളും ഫാനുകളും ഉൾപ്പെടെ മോഷണം പോയിരുന്നു. ഫാക്ടറിക്കുള്ളിൽ കിടക്കുന്ന വാഹനങ്ങളുടെ ടയറും ബാറ്ററിയും വരെ കടത്തിക്കൊണ്ടുപോയ സംഭവമുണ്ട്.
കഴിഞ്ഞ ദിവസമാണ് മെഷീൻ കവറുകൾ മോഷണം പോയത്. ഇവിടെ മുമ്പ് ജോലി ചെയ്തിരുന്ന ചില തൊഴിലാളികൾക്ക് നേരെയാണ് സംശയങ്ങളുടെ മുന നീളുന്നത്. ഇവരിൽ നാലഞ്ചുപേരെ കഴിഞ്ഞ ദിവസം പാലാ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ചില നേതാക്കൾ ഇടപെട്ട് ഇവരെ സ്റ്റേഷനിൽ നിന്നും വിട്ടയച്ചതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
മെഷീൻ കവർ ആക്രികടയിൽ?
ഇതിനിടെ മെഷീൻ കവർ ആക്രികടയിൽ നിന്നും കണ്ടെടുത്തതായും പറയുന്നു. സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി പാലാ പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് ഇതേക്കുറിച്ച് തിരക്കാൻ അവർ മെനക്കെട്ടിട്ടില്ല എന്നും ആക്ഷേപമുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.