പാലാ: എം.എൽ.എ ഫണ്ട് വിനിയോഗിച്ച് കവീക്കുന്ന് ഇടപ്പാടി റോഡ് പണിയുന്ന കാര്യത്തിൽ നഗരസഭാ അധികൃതർ ഒരു വിവേചനവും കാണിച്ചിട്ടില്ലെന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പച്ച് പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് വാർഡ് കൗൺസിലറാണ്. കൗൺസിലർ രേഖാമൂലം അപേക്ഷ നൽകിയാൽ റേറ്റ് റിവൈസ് ചെയ്യാനുള്ള കാര്യങ്ങൾ പരിഗണിക്കാമെന്നും ചെയർമാൻ കൗൺസിലിനെ അറിയിച്ചു. ഇന്നലെ ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിൽ പ്രൊഫ. സതീശ് ചൊള്ളാനിയാണ് വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണ് തന്റെ വാർഡിലെ വർക്കെടുത്ത കരാറുകാരനെ തടസപ്പെടുത്തിയതെന്ന് എട്ടാം വാർഡ് കൗൺസിലർ സിജി ടോണി ചോദിച്ചു. വൈസ് ചെയർമാന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വർക്ക് മാറ്റിവച്ചതെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.

വർക്ക് നടത്തരുതെന്നല്ല ഒരു പരാതി കിട്ടിയതിനാൽ ഒന്ന് പരിശോധിക്കണമെന്ന് മാത്രമേ താൻ പറഞ്ഞൊള്ളൂവെന്ന് വൈസ് ചെയർമാൻ സിജി പ്രസാദ് കൗൺസിലിനെ അറിയിച്ചു. ചർച്ചകളിൽ വി.സി. പ്രിൻസ്, തോമസ് പീറ്റർ, മായ രാഹുൽ, സിജി ടോണി, സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പിൽ, ബിജി ജോജോ, ലീന സണ്ണി തുടങ്ങിയവർ പങ്കെടുത്തു.