ഫാക്ടറിയിലെ മോഷണം: കർശന നടപടികളുമായി മീനച്ചിൽ സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി
പാലാ: വർഷങ്ങളായി പൂട്ടിക്കിടക്കുന്ന മീനച്ചിൽ റബർ മാർക്കറ്റിംഗ് ആന്റ് പ്രോസസ്സിംഗ് സൊസൈറ്റിയുടെ കരൂർ വെള്ളഞ്ചൂരിലെ ഫാക്ടറിയിൽ നിന്നും മെഷീൻ കവറുകൾ മോഷണം പോയ സംഭവത്തിൽ ശക്തമായ നടപടികളുമായി സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി രംഗത്ത്.
കഴിഞ്ഞദിവസം മെഷീൻ കവറുകൾ മോഷണം പോയത് സംബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് ചീഫിന് പരാതി നല്കിയതായി സൊസൈറ്റിയിലെ ഒരു പ്രമുഖ അംഗം പറഞ്ഞു. സാധനം കടത്തിക്കൊണ്ടുപോയ ഓട്ടോറിക്ഷയെപ്പറ്റിയും മോഷണം നടത്തിയ ചിലരെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ പാലാ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഭരണസമിതി അംഗങ്ങൾ പറയുന്നു. മെഷീൻ കവറുകൾ ഈരാറ്റുപേട്ടയിൽ ഒരു ആക്രിക്കടയിൽ കൊടുത്തതായാണ് സൂചന. നാലുപേർക്കെതിരെയാണ് രേഖാമൂലം പരാതി നൽകിയിട്ടുള്ളതെന്നും ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കി.
ജീവനക്കാരെ നിയോഗിച്ചു
മോഷണം തടയുന്നതിന്റെ ഭാഗമായി പകലും രാത്രിയും ഫാക്ടറിയിൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചു. മീനച്ചിൽ സൊസൈറ്റി വക ഫാക്ടറിയിൽ നിന്നും നിരവധി സാധനങ്ങൾ മോഷണം പോയത് സംബന്ധിച്ച് ഇന്നലെ കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് പാലാ പൊലീസും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മുമ്പ് ഫാക്ടറിക്കുള്ളിൽ കിടക്കുന്ന വാഹനങ്ങളുടെ ടയറും ബാറ്ററിയും വരെ കടത്തിക്കൊണ്ടുപോയ സംഭവമുണ്ട്.