കോട്ടയം: സ്‌നേഹക്കൂട് അഭയമന്ദിരത്തിലെ അംഗങ്ങളായ വയോധികരായ മാതാപിതാക്കൾക്കായി സഫലമീ യാത്ര എന്ന പേരിൽ നടന്ന തീർത്ഥാടന വിനോദയാത്ര സംഘടിപ്പിച്ചു. നാഗമ്പടം ഓക്‌സിജൻ ഡിജിറ്റൽ എക്‌സ്‌പേർട്ടിന്റെ മുന്നിൽ നിന്നും ആരംഭിച്ച യാത്ര കോട്ടയം ഓക്‌സിജൻ ഡിജിറ്റൽ സ്ഥാപനങ്ങളുടെ സി.ഇ.ഒ ഷിജോ കെ.തോമസ് ഫ്‌ളാഗ് ഓഫ് ചെയ്തു. യാത്രയിൽ ആദ്യം താഴത്തങ്ങാടി മുസ്ലിം ജമാഅത്ത് പള്ളി സന്ദർശിച്ചു. തുടർന്ന്, കുമരകം സെന്റ് ജോൺസ് ബാപ്പിറ്റ്‌സ് ജാക്കോബിറ്റ് സുറിയാനി പള്ളി, ശ്രീകുമാരമംഗലം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. മൂന്ന് ഹൗസ് ബോട്ടുകളിലായി വേമ്പനാട് കായലിൽ രണ്ടു മണിക്കൂർ നീളുന്ന വഞ്ചി യാത്രയും കലാപരിപാടികളും, സ്‌നേഹക്കൂട് മ്യൂസിക്ക് ബാന്റിന്റെ ഗാനമേളയും നടന്നു. സ്‌നേഹക്കൂട് അഭയ മന്ദിരം ഡയറക്ടർ നിഷ സ്‌നേഹക്കൂട്, സെക്രട്ടറി ബി.കെ അനുരാജ്, എക്‌സിക്യൂട്ടീവ് മെമ്പർ ഹംസ ഖാദർ, പനച്ചിക്കാട് ആത്മ വെൽനസ് സെന്റർ ഡയറക്ടർ ഡോ.അഭിജിത്ത് കർമ്മ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.