csa

മുണ്ടക്കയം. തങ്ങളുടെ പൂർവികർ ശ്മശാനത്തിലേക്ക് അന്ത്യയാത്ര ചെയ്ത ശവമഞ്ചം കാണാൻ മുണ്ടക്കയം സി.എസ്.ഐ. പള്ളിയിൽ ഇപ്പൊഴുമെത്തുന്നുണ്ട് പുതുതലമുറ. നൂറുവർഷം പഴക്കമുള്ള ശവമഞ്ചം ഇപ്പോൾ ഉപയോഗത്തിലില്ലെങ്കിലും അറ്റകുറ്റപണികളെല്ലാം തീര്‍ത്ത് പ്രത്യേക മുറി പണിത് അതില്‍ സൂക്ഷിക്കുകയാണ് . മുറിയുടെ ഒരു വശം പൂര്‍ണ്ണമായി ചില്ലിട്ട് പൊതുജനത്തിന് കാണാനാവുന്ന നിലയിലാണ് .
വാഹന സൗകര്യമില്ലാതിരുന്ന കാലത്ത് മലയോര നിവാസികള്‍ മരിച്ചാല്‍ ശവമഞ്ചത്തിലാണ് മൃതദേഹം പള്ളിയിലെത്തിച്ചിരുന്നത്. നാലു ചക്രങ്ങളില്‍ തയ്യാറാക്കിയ മഞ്ചം വലിക്കാന്‍ പ്രത്യേക കമ്പി വലയമുണ്ട്. അതിലാണ് പള്ളിക്കാര്‍ ചുമതലപ്പെടുത്തുന്ന ആളോ, മരിച്ചയാളിന്റെ ബന്ധുക്കളോ വലിച്ചു മുന്നോട്ടുകൊണ്ടുപോവുക. മറ്റു വാഹനങ്ങളിലേതുപോലെ ബ്രേക്കും പ്ലേറ്റുമെല്ലാം ഈ മഞ്ചത്തിനുണ്ട്. എങ്കിലും കുത്തിറക്കത്തില്‍ പിന്നില്‍ നിന്നും ബലം നല്‍കേണ്ടിവരും. അക്കലാത്ത് മഞ്ചത്തില്‍ മൃതദേഹം കിടത്തി ശവമഞ്ച ഘോഷയാത്രയായിട്ടാണ് പള്ളിയിലെത്തുക. കാല്‍ നൂറ്റാണ്ടു മുമ്പുവരെ മുണ്ടക്കയം പള്ളിയിൽ ഇത് ഉപയോഗിച്ചിരുന്നു. ആംബുലന്‍സിന്റെ കടന്നു വരവോടെ ശവമഞ്ചം വേണ്ടാതായി.

മുണ്ടക്കയം വേങ്ങകുന്ന് ഭാഗത്ത് 1848ലാണ് സി.എസ്.ഐ.പള്ളി ആദ്യം നിര്‍മ്മിച്ചത്. ഹെന്‍ട്രി ബേക്കര്‍ ജൂനിയറാണ് സ്ഥപകന്‍. പിന്നീട് 1890ല്‍ പള്ളി പട്ടണത്തിലേയ്ക്ക് മാറ്റി പണിതു. ആദ്യം ഉപയോഗിച്ചു വന്നിരുന്ന ശവമഞ്ചം കാലപ്പഴക്കത്താല്‍ തകര്‍ന്നുപോയതോടെ പുതിയതു നിർമ്മിച്ചു. അതാണിപ്പോഴുള്ളതെന്ന് ട്രസ്റ്റി ബോബിന മാത്യു പറഞ്ഞു.

വികാരി റവ.അലക്‌സാണ്ടര്‍ ചെറിയാൻ പറയുന്നു.

തങ്ങളുടെ മുത്തച്ചനും മുത്തശ്ശിയുമൊക്കെ ശ്മശാനത്തിലേക്ക് യാത്ര ചെയ്ത വാഹനം കാണാന്‍ പലരും ഇപ്പോഴും പള്ളിയിലെത്താറുണ്ട്. മറ്റുള്ളവർക്കും ഇതൊരു കൗതുക കാഴ്ചയാണ്.