കല്ലറ:നവരാത്രി ആഘോഷത്തിന് കല്ലറ ശ്രീശാരദ ക്ഷേത്രത്തിൽ ഭക്തജനതിരക്ക്. രാവിലത്തെ ക്ഷേത്ര ചടങ്ങുകൾക്കും വൈകിട്ട് നവരാത്രി മണ്ഡപത്തിൽ നടക്കുന്ന സംഗീതസദസിനും നൂറുകണക്കിന് ഭക്തരാണ് എത്തുന്നത്. ഏഴാം ദിവസമായ ഞായറാഴ്ച വിശേഷാൽ ഗ്രന്ഥം എഴുന്നള്ളിപ്പ് നടക്കും. വൈകിട്ട് 5.30 ന് കളമ്പുകാട് ഗുരുമന്ദിരത്തിൽ നിന്നും ദേവിയുടെ നാരായം, ഗ്രന്ഥം, മാണിക്യവീണ, കുട മുതലായവ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിക്കും. തുടർന്ന് പൂജവെപ്പ്, ദീപകാഴ്ച, സംഗീതസദസ് എന്നിവ നടക്കും. 4ന് വൈകിട്ട് 7ന് ഭാരത കലാരത്‌നം ഡോ.പ്രശാന്ത് വർമ്മയും സംഘവും അവതരിപ്പിക്കുന്ന ഭജൻസ് മാനസജപലഹരി. 5ന് രാവിലെ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ വിദ്യാരംഭവും തുടർന്ന് ഭക്തിഗാനസുധയും നടക്കും. വൈകിട്ട് 7ന് നടക്കുന്ന അനുസ്മരണ ചടങ്ങ് കടുത്തുരുത്തി എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി എൻ.കെ. രമണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊല്ലം ജി.എസ്. ബാലമുരളിയുടെ സംഗീതസദസ് നടക്കുമെന്ന് കല്ലറ ശാഖ പ്രസിഡന്റ് പി.ഡി. രേണുകൻ, സെക്രട്ടറി കെ.വി സുദർശനൻ എന്നിവർ അറിയിച്ചു.