
കോട്ടയം. കൊവിഡിന് ശേഷം കുട്ടികളിൽ പ്രമേഹവും ഇൻഫെക്ഷനും വർദ്ധിക്കുന്നു. മുതിർന്നവരേക്കാൾ കുട്ടികളിലാണ് വിവിധ രോഗങ്ങൾ കൂടുതൽ കാണപ്പെടുന്നത്. വളരെ ആക്ടീവായിരുന്ന കുട്ടികൾ പോലും തീരെ ഉണർവില്ലാത്ത അവസ്ഥയിലായി. മറ്റ് രോഗങ്ങളൊന്നും കാണാത്തതിനാൽ നടത്തുന്ന പരിശോധനയിലാണ് പ്രമേഹം വളരെ ഉയർന്ന നിലയിൽ കണ്ടെത്തുന്നത്. ഇത്തരക്കാരിൽ 99 ശതമാനവും കൊവിഡ് ബാധിച്ചവരായിരുന്നു.
ജില്ലയിൽ കുട്ടികളുടെ ആശുപത്രിയിൽ അടക്കം സമാനമായ അവസ്ഥയിൽ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കുടുംബത്തിൽ ഒരാൾക്ക് പോലും പ്രമേഹമില്ലാത്ത കുട്ടികളിൽവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പലതരം രോഗങ്ങൾ.
കൊവിഡിനുശേഷം മൾട്ടി സിസ്റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രം ഇൻ ചിൽഡ്രൻ (മിസ്‌ക്) എന്ന അവസ്ഥ ഉണ്ടാകുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടികളുടെ ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകൾ, വൃക്കകൾ, ദഹനവ്യവസ്ഥ, തലച്ചോറ്, ത്വക്ക്, കണ്ണ് ഇവയിലൊക്കെ നീർക്കെട്ട് രൂപപ്പെടുന്ന അവസ്ഥയുമുണ്ട്. പനി, ഛർദി, വയറിളക്കം, വേദന, തൊലിയിൽ പാടുകൾ, അതിതീവ്ര ക്ഷീണം, കണ്ണുകളിൽ ചുവപ്പ്, കൂടിയ ഹൃദയമിടിപ്പ് ഇവയൊക്കെയാണ് ലക്ഷണങ്ങൾ. തുടക്കത്തിലേ ചികിത്സ തേടുകയാണ് വേണ്ടത്.
പ്രതിരോധ ശേഷി കുറഞ്ഞു.
സാധാരണ സ്കൂൾ തുറക്കുന്ന സമയം പനിക്കാലമാണെങ്കിലും വൈകാതെ പ്രതിരോധ ശേഷി കൈവരിക്കുകയും സാധാരണ നിലയിലാവുകയും ചെയ്യും. എന്നാൽ മാസങ്ങളായി പനി മാറി മാറി വരികയാണ്. പനി, കഫക്കെട്ട്, വിട്ടുമാറാത്ത ചുമ, ശരീരവേദന എന്നിവയുമായും ധാരാളം കുട്ടികൾ ചികിത്സ തേടുന്നുണ്ട്. ആന്റി ബയോട്ടിക് ഉപയോഗിക്കുമ്പോൾ പനി മാറുകയും വീണ്ടും ബാധിക്കുകയും ചെയ്യുന്ന സവിശേഷ സാഹചര്യമാണിപ്പോൾ. കൊവിഡിന് ശേഷം രണ്ട് വർഷത്തോളം പുറത്തിറങ്ങാത്തതിനാൽ പ്രതിരോധ ശേഷി കുറഞ്ഞതും കാലാവസ്ഥ വ്യതിയാനവും ആവർത്തിച്ചുള്ള പനിബാധയ്ക്ക് കാരണമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി.ജയപ്രകാശ് പറയുന്നു.
കുട്ടികളിൽ വിവിധ തരത്തിലുള്ള ഇൻഫെക്ഷൻ കൂടുതലായി കാണുന്നുണ്ട്. പ്രമേഹ ബാധിതരുടെ എണ്ണവും ഉയർന്നു. ഇൻസുലിൻ ഉപയോഗിക്കുന്നവരുമുണ്ട്.