കോട്ടയം: നഗരസഭാദ്ധ്യക്ഷയ്ക്കും മുൻസിപ്പൽ എൻജിനീയർക്കുമെതിരെ ആഞ്ഞടിച്ച് ഭരണപ്രതിപക്ഷ കൗൺസിലർമാർ. നഗരസഭാ ഭരണത്തിലെ കെടുകാര്യസ്ഥതയ്ക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാത്തത് നഗരസഭാദ്ധ്യക്ഷയുടെയും മുൻസിപ്പൽ എഞ്ചിനീയറുടെയും പിടിപ്പുകേടാണെന്നും അംഗങ്ങൾ ഒന്നടങ്കം ആരോപിച്ചു. നഗരസഭാ കാര്യാലയത്തിന് മുന്നിൽ ധർണ നടത്തിയ ശേഷമായിരുന്നു പ്രതിപക്ഷ കൗൺസിലർമാർ പ്ലക്കാർഡുകളേന്തിയും മുദ്രാവാക്യം വിളിച്ചും നഗരസഭാ കൗൺസിലിൽ എത്തിയത്. നഗരസഭ ആവിഷ്‌കരിച്ച വിവിധ പദ്ധതികൾ നോക്കുകുത്തികളായി മാറി എന്നാരോപിച്ചായിരുന്നു പ്രതിപക്ഷ കൗൺസിലർ ഷീജാ അനിലിന്റെ നേതൃത്വത്തിലുള്ള കൗൺസിലർമാരുടെ പ്രതിഷേധം. പത്ത് മിനിറ്റോളം പ്രതിഷേധം തുടർന്നു. ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ചെയറിലിരിക്കെയായിരുന്നു പ്രതിഷേധം. ചെയർപേഴ്‌സൺ രാജിവയ്ക്കണമെന്നും പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടെ വിമർശനമുന്നയിച്ചതോടെ ചെയർപേഴ്‌സൺ ഒറ്റപ്പെട്ടു.
വാർഡുകളിലെ നിർമ്മാണപ്രവർത്തനങ്ങൾ സ്തംഭിച്ചതായും മുൻസിപ്പൽ എൻജിനീയർ നിഷ്‌ക്രിയയാണെന്നും കൗൺസിലർമാർ ഒരുപോലെ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചതിൽ കൗൺസിലർമാരും ചെയർപേഴ്‌സണും മുൻസിപ്പൽ എഞ്ചിനീയർ ഇ.ആർ ബിജിമോളോട് വിശദീകരണം ചോദിച്ചപ്പോൾ മറുപടി ഉണ്ടായില്ല. ജോലി ചെയ്യാൻ തയാറല്ലെങ്കിൽ മുൻസിപ്പൽ എൻജിനീയറെ മാറ്റണമെന്നും ഇതോടെ ആവശ്യമുയർന്നു. ഒക്ടോബർ 30ന് മുമ്പായി സ്പിൽ ഓവർ വർക്കുകൾ പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നു. യോഗത്തിൽ വൈസ് ചെയർമാൻ ബി.ഗോപകുമാർ, പി.എൻ സരസമ്മാൾ, ജിബി ജോൺ, സിന്ധു ജയകുമാർ, സി.ജി രഞ്ജിത്,ടി.സി റോയി, എൻ.എൻ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.