malayali

ദുബായ് / ന്യൂയോർക്ക് : ചന്ദ്രനിൽ ചെന്നാൽ അവിടെ ചായക്കട നടത്താൻ ഒരു മലയാളിയുണ്ടാകുമെന്നാണ് ചൊല്ല്. അമേരിക്കയിൽ യു.എസ് ഓപ്പണും യു.എ.ഇയിൽ ഏഷ്യാകപ്പ് ക്രിക്കറ്റും നടക്കുമ്പോൾ ഇരുസ്ഥലത്തും കളിക്കാരായില്ലെങ്കിലും ഒഫീഷ്യൽസായി മലയാളി സാന്നിദ്ധ്യമുണ്ട്.

ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക സ്‌കോററായ ഷിനോയ് സോമൻ മാവേലിക്കര സ്വദേശിയാണ്. ദുബായിൽ ജോലി ചെയ്യുന്ന ഷിനോയ്‌യാണ് ഇന്നത്തെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടമടക്കം ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലെ അഞ്ച് കപ്പ് മത്സരങ്ങളിലും ഐ.സി.സി സ്കോറർ. മാവേലിക്കര തഴക്കര മൊട്ടയ്‌ക്കൽ സോമന്റെയും ശ്യാമളയുടെയും മകനാണ്. പ്രിയയാണു ഭാര്യ. മക്കൾ: റയാൻ, തഷിൻ, ഫിയോന.

യു.എസ്. ഓപ്പൺ ടെന്നീസിൽ ബാൾ ബോയ് ആണ് കോഴിക്കോട്ടുകാരൻ സമർത്ഥ് ദീപുദാസ്. വർഷങ്ങളായി ന്യൂയോർക്കിലാണ് സമർത്ഥിന്റെ കുടുംബം താമസിക്കുന്നത്. യു.എസിൽ അണ്ടർ 16 തലത്തിലെ കളിക്കാരനെന്ന നിലയിലാണ് സമർത്ഥ് ബാൾ ബോയ് ആയി തിരഞ്ഞെടുക്കപ്പെട്ടത്.

2017 യു.എസ്. ഓപ്പണിൽ ഡീഗോ ഷാട്‌സ്മാനും മാരിൻ സിലിച്ചും തമ്മിലുള്ള മത്സരത്തിൽ ടോസിടാനുള്ള അവസരവും സമർത്ഥിന് ലഭിച്ചിരുന്നു. യു.എസിൽ നെറ്റ് വർക്ക് എൻജിനീയറായ ദീപു ദാസിന്റെയും ധന്യയുടെയും മകനാണ് ഈ 15-കാരൻ. ഒമ്പതാംക്ലാസിലാണ് പഠിക്കുന്നത്. തപസ്യയാണ് സഹോദരി.