| വ്യത്യസ്ഥമായ കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥിരമായ ഇടം നേടിയിരിക്കുകയാണ് മലയാളികളുടെ  | 

മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ നടൻ ഇപ്പോൾ ആരാണെന്ന് ചോദിച്ചാൽ എളുപ്പം കിട്ടുന്ന ഉത്തരം കുഞ്ചാക്കോ ബോബൻ എന്നായിരിക്കും.ഒരേ പാറ്റേണുകളിൽ കുരുങ്ങിക്കിടക്കാതെ തികച്ചും വ്യത്യസ്ഥങ്ങളായ കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥിരമായ ഇടം നേടിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ നടൻ കുഞ്ചാക്കോ ബോബൻ.
'ന്നാ താൻ കേസ് കൊട്" എന്ന ചിത്രത്തിലൂടെ വീണ്ടും വൻ ഹിറ്റ് കരസ്ഥമാക്കിയ കുഞ്ചാക്കോയുടെ വിശേഷങ്ങളിലേക്ക്:- 
'ന്നാ താൻ കേസ് കൊട്" എന്ന ചിത്രത്തിലേക്ക്?
'ആൻഡ്രോയിഡ് കുഞ്ഞപ്പൻ" എന്ന സിനിമയുടെ ഏകദേശരൂപമാണ് കഥയായി രതീഷ് എന്നോട് ആദ്യം പറയുന്നത്. അന്ന് അതെനിക്ക് കൃത്യമായി മനസിലായിരുന്നില്ല. ഗൗരവമേറിയ ഒരു വിഷയത്തെ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് പറഞ്ഞപ്പോൾ പ്രേക്ഷകരിലേക്ക് എങ്ങനെയാണത് എത്തിയത് എന്നും ആ സിനിമയിലൂടെ ഞാൻ നേരിട്ട് കണ്ടറിഞ്ഞു. അതിനുശേഷം അദ്ദേഹത്തോട് എന്നെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ഞാൻ അങ്ങോട്ടു വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഈ കഥയുടെ ആദ്യ രൂപം പറയുന്നത്. ആദ്യം പറയുമ്പോൾ തന്നെ ഞാൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമായിരിക്കും എന്നും അത് പുതിയ തരത്തിലാവും അവതരിപ്പിക്കപ്പെടുക എന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ ഭാഷ ആയതുകൊണ്ട് സ്ക്രിപ്ടിന്റെ രൂപത്തിലും ഡയലോഗിന്റെ രൂപത്തിലും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാം എന്ന ഓപ്ഷൻസും അദ്ദേഹം തന്നിരുന്നു. അവയെല്ലാം എനിക്ക് കംഫർട്ടബിൾ ആണെങ്കിൽ മാത്രം ചെയ്താൽ മതി എന്നും പറഞ്ഞു. ഇത് തുടക്കത്തിൽ പറഞ്ഞതുകൊണ്ട് തന്നെയാണ് കൊഴുമ്മൽ രാജീവനാകാനുള്ള തയ്യാറെടുപ്പ് തുടങ്ങിയത്.
 'കൊഴുമ്മൽ രാജീവൻ" എന്ന 'കള്ളന്റെ കഥ"? 
കഥയും, അതിന്റെ പശ്ചാത്തലവും, അത് അവതരിപ്പിച്ച ശൈലിയിലും, ഒപ്പം എന്റെ വേഷത്തിലും എല്ലാം ഒരു പുതുമ ഞാൻ അനുഭവിച്ചതും ആസ്വദിച്ചതുമായ ഒരു ചിത്രമാണിത്. മുന്നോട്ടു ചിന്തിക്കുന്ന ഒരു ജനതയുടെ ചിന്തയെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിക്കുന്നത്. കുറേയേറെ ലയറുകളുള്ള ഒരു സിനിമ. സിനിമാറ്റിക്കായിട്ട് ചിന്തിച്ചാൽ ഒരു വിഷയം കോടതിയിൽ എത്തുന്നതും അത് അന്നുതന്നെ തീർപ്പ് കൽപ്പിച്ചു വിടുന്നതുമൊക്കെയാണ് നാം കാണാറുള്ളത്.
പക്ഷേ ഈ സിനിമയിലെ രാജീവൻ വർഷങ്ങളായി പോരാടുകയാണ്. പെട്രോൾ വില 74 തുടങ്ങി 100 രൂപയിൽ എത്തുന്നതും ആ ഒരു പീരിയഡ് മുഴുവൻ ഈ കേസ് നടക്കുന്നതുമെല്ലാം അവതരിപ്പിച്ചിട്ടുണ്ട്. എങ്കിൽ പോലും അതിന്റെ ഡ്രാമയോ, ഇമോഷണൽ ഹ്യൂമറോ ഒന്നും നഷ്ടപ്പെടാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അത് ഒരു ഡയറക്ടറുടെ ബ്രില്ല്യൻസ് തന്നെയാണ്.മാത്രമല്ല 'ആരാണ് കള്ളൻ" എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണല്ലോ. 
50 കോടി ക്ലബ്ബും കടന്നു മുന്നേറുകയാണല്ലോ? വിവാദം വിജയമുണ്ടാക്കിയോ?
സമകാലിക വിഷയങ്ങൾ വരുമ്പോൾ പൊതുസമൂഹം അതിനെ കാണുന്നത് ഏതാണ്ട് ഒരേപോലെയാണ്. ജനങ്ങളുടെ പ്രശ്നങ്ങളെ,അല്ലെങ്കിൽ അവർ എപ്പോഴും നേരിടുന്ന ഒരു വിഷയത്തെ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയെയും ലക്ഷ്യം വയ്ക്കാതെ ആക്ഷേപഹാസ്യമായി അവതരിപ്പിച്ച ഒരു സിനിമയാണിത്. ജനങ്ങൾ അക്കാര്യം തിരിച്ചറിഞ്ഞപ്പോൾ അവർ അത് ഇഷ്ടപ്പെടുന്നു, ആസ്വദിക്കുന്നു. ഈ ചിത്രം ഒരു പ്രത്യേക രാഷ്ട്രീയപാർട്ടിയോ ഒരു പ്രത്യേക മതത്തിൽ വിശ്വസിക്കുന്നവരെയോ ടാർജറ്റ് ചെയ്ത് അവതരിപ്പിച്ചിരിക്കുന്നതോ അല്ല. ഒരു പ്രത്യേക കാലയളവിൽ അധികാരത്തിൽ ഇരിക്കുന്നവർക്ക് മാത്രം കൊള്ളേണ്ട വിഷയവുമല്ല. എല്ലാ പാർട്ടികളിൽപ്പെട്ടവരും ഉൾപ്പെടുന്ന ഒരു സമൂഹത്തിലാണ് നാം കഴിയുന്നത്. നാമെല്ലാം അനുഭവിക്കുന്ന ചില പ്രശ്നങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടു കൂടി പറയുന്ന കഥ. 
ആ കഥ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം കേട്ടും അറിഞ്ഞും പിന്നെയും ആളുകൾ സിനിമ കാണാനും ആസ്വദിക്കാനും തിയേറ്ററിൽ എത്തുന്നു. സാധാരണക്കാർ സോഷ്യൽ മീഡിയയിലെ അനാവശ്യപ്രചാരണങ്ങളെ തിരിച്ചറിയുകയും അവർ ഈ സിനിമയെ ഏറ്റെടുത്തതിലും സന്തോഷമുണ്ട്.
സോഷ്യൽ സറ്റയർ സിനിമകൾ മലയാളികൾ മുമ്പേ ഏറ്റെടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.'പഞ്ചവടിപ്പാലം",'സന്ദേശം"പോലെയുള്ള സിനിമകൾ അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്.
ഒരു പ്രേക്ഷകനായി സിനിമ കണ്ടപ്പോൾ എന്ത് തോന്നി?
മലയാളികളുടെ ഏറ്റവും വലിയ ഒരു ഹൈലൈറ്റ് അവരുടെ ഉള്ളിലുള്ള നർമ്മബോധമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മലയാളികളുടെ ഹ്യൂമർസെൻസ് നന്നായി മനസിലാക്കിയ ഒരു സംവിധായകനാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. അദ്ദേഹം തന്റെ ഈ സിനിമയിലൂടെശക്തമായ ഒരു ആശയത്തെയാണ് നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചത്. 
സിനിമയെന്ന കലാരൂപം ഉപയോഗിച്ച് നാടിന് ഗുണമുള്ള കാര്യങ്ങളിൽ കൂടി ഒരു കലാകാരൻ ഇടപെടുമ്പോൾ, അയാളുടെ മീഡിയത്തിലൂടെ ഒരേ സമയം അത് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. 
പുതിയ സിനിമകൾ?
ഇനി റിലീസ് ആവാൻ പോകുന്നത് അരവിന്ദ് സ്വാമിക്ക് ഒപ്പമുള്ള ഒറ്റ് ആണ്. അതൊരു റിയലിസ്റ്റിക് ട്രാവൽ മൂവി ആണ്. ഇപ്പോൾ ജോയ് മാത്യു ചേട്ടൻ തിരക്കഥ എഴുതുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയുമാണ്.