kunchacko-baban

കോട്ടയം . മഴ മാറി തെളിഞ്ഞ് നിന്ന അന്തരീക്ഷം. എൻ.സി.എസ് വസ്ത്ര കോട്ടയം ഷോറൂം ഉദ്ഘാടന സ്ഥലത്ത് ചാക്കോച്ചനെ കാത്ത് ആരാധകരുടെ കാത്തിരിപ്പ്. 11.25 ന് മിയാ ജോർജിനും , അനു സിത്താരക്കും, നമിതാ പ്രമോദിനുമൊപ്പം ചാക്കോച്ചൻ ഓൺ ദി സ്റ്റേജ്. ഇളകി മറിഞ്ഞ് ജനം. എവിടെയും ഉയരുന്നത് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ദേവദൂതർ പാടിയെന്ന ഗാനം.

ഇതിനിടയിൽ വേലിക്കെട്ടിന് വെളിയിൽ ജനക്കൂട്ടത്തിനിടയിൽ ഇടിച്ച് നിന്നിരുന്ന ആറാംക്ലാസുകാരന്റെ ശബ്ദം ഉച്ചത്തിൽ ഉയരുന്നു. ചാക്കോച്ചാ...ഡാൻസ് കളിക്കൂ. ചെവിയിൽ പതിഞ്ഞ ഈ കുഞ്ഞുശബ്ദം അവഗണിക്കാൻ ചാക്കോച്ചനും തയ്യാറായില്ല. കുടമാളൂർ സ്വദേശിയായ ഗൗരിശങ്കർ എന്ന കൊച്ചുമിടുക്കനോട് 'ന്നാ മോൻ കേറി വാടാ' എന്ന് പറഞ്ഞതോടെ കാണികളും ആവേശത്തിലായി.

സെക്യൂരിറ്റിയുടെ സഹായത്തോടെ ഗൗരിശങ്കറെ സ്റ്റേജിലെത്തിച്ചു. പിന്നാലെ കുടിക്കാൻ വെള്ളം കൊടുത്തു. പിന്നെ ചേർത്ത് പിടിച്ച് ചാക്കോച്ചൻ ചുവട് വച്ചു. ഒപ്പം ഒന്നൊന്നൊര ചുവടുമായി നടിമാരായ മിയയും,അനു സിത്താരയും, നമിതാ പ്രമോദും, രഞ്ജിനി ഹരിദാസും , എൻ സി എസ് ഗ്രൂപ്പ് ചെയർമാൻ എൻ എം രാജുവും, ജോയിന്റ് മാനേജിംഗ് ഡയറക്ടർ അലൻ ജോർജും കൂടി കളം നിറഞ്ഞതോടെ കാണികളുടം ആവേശം വാനോളമായി.

ഡാൻസ് കഴിഞ്ഞതോടെ ചാക്കോച്ചനൊപ്പം സെൽഫിയുമെടുത്താണ് ഗൗരിശങ്കർ മടങ്ങിയത്. കുടമാളൂർ വെള്ളാപ്പള്ളിൽ വീട്ടിൽ സുരേഷിന്റേയും, മഞ്ജുഷയുടേയും മകനായ ഗൗരിശങ്കർ കുഞ്ചാക്കോ ബോബനോടുള്ള ആരാധന മൂത്ത് രാവിലെ അമ്മൂമ്മയ്ക്കും ചേച്ചിക്കുമൊപ്പമാണ് എത്തിയത്.