
കോഴിക്കോട്: മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ നടപടിയില്ലെന്ന് ആക്ഷേപം. ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ അരുണിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
അക്രമികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നെന്നാണ് ആക്ഷേപം. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാർ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ദമ്പതികൾ പോയതിന് പിന്നാലെ സ്ഥലത്തെത്തിയ അക്രമിസംഘം ജീവനക്കാരെ മർദിക്കുകയായിരുന്നു.
മൂന്ന് സുരക്ഷാ ജീവനക്കാർക്കും, രോഗികളെ സന്ദർശിക്കാനെത്തിയവർക്കുമാണ് മർദനമേറ്റത്. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതേസമയം, സൂപ്രണ്ടിനെ കാണാനെത്തിയ സ്ത്രീയോട് സുരക്ഷാ ജീവനക്കാർ മോശമായി പെരുമാറിയതായി ആരോപണമുണ്ട്.