
കണ്ണൂർ: ജോലി വാഗ്ദ്ധാനംചെയ്ത് തമിഴ്നാട് സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്നാട്ടുകാരൻ മലർ എന്നിവരെ അറസ്റ്റു ചെയ്യും. കസ്റ്റഡിയിലെടുത്ത മൂന്നാമന് സംഭവത്തിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനുശേഷമായിരിക്കും തുടർ നടപടി.ആക്രിസാധനങ്ങൾ ശേഖരിക്കുന്നവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം കാഞ്ഞിരയിലാണ് കൂട്ടബാലത്സംഗം നടന്നത്.
ജോലിയന്വേഷിച്ച് എത്തിയ സേലം സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിക്കാണ് ദുരനുഭവം ഉണ്ടായത്. വിവാഹിതയായ യുവതി ചാലയിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. മറ്റൊരുവീട്ടിലേക്ക് താമസം മാറാമെന്നും അവിടെനിന്ന് ജോലി അന്വേഷിക്കുന്നതാണ് നല്ലതെന്നും പറഞ്ഞ് പ്രതികൾ യുവതിയെ കാഞ്ഞിരയിലേക്ക് ഓട്ടോയിൽ കൂട്ടിക്കൊണ്ടുപോയി. വൈകുന്നേരം തിരികെ വരുമ്പോൾ മഴപെയ്തു. തുടർന്ന് കാഞ്ഞിരയിലെ ക്വാർട്ടേഴ്സിൽ എത്തിക്കുകയും അവിടെ വച്ച് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായതോടെ യുവതിയെ ഉപേക്ഷിച്ച് സംഘം സ്ഥലംവിട്ടു. ആശുപത്രിയിൽ കഴിയുന്ന യുവതി ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്.