മറ്റുള്ളവരുടെ മനസ് വായിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. തൊട്ടടുത്തിരിക്കുന്നയാൾ എന്താണ് ചിന്തിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. അത്തരത്തിൽ മെന്റലിസത്തിലൂടെയും മാജിക്കിലൂടെയും മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് അനന്ദു. ഇപ്പോഴിതാ ഡേ വിത്ത് എ സ്റ്റാറിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് മെന്റലിസ്റ്റ് അനന്ദു. മാജിക് പണ്ടുമുതലേ ഭയങ്കര ക്രേസ് ആയിരുന്നുവെന്ന് അനന്ദു പറയുന്നത്.

കുട്ടിയായിരുന്നപ്പോൾ കരുതിയത് മാജിക് പഠിച്ചാൽ അമാനുഷികമായിട്ടുള്ള കഴിവ് കിട്ടുമെന്നായിരുന്നു. സയിന്റിഫികായിട്ടുള്ള ആർട്ട് ഫോമാണെന്ന് പിന്നെ മനസിലായെന്ന് അനന്ദു വ്യക്തമാക്കി. ഇതിനിടയിൽ എന്റെ കണ്ണിൽ നോക്കിയാൽ എന്റെ എല്ലാം ചോർത്തുമോയെന്ന് അവതാരകയായ എലീന പടിക്കൽ ചോദിച്ചു. ചോർത്താം സമയമാകട്ടെയെന്നായിരുന്നു മറുപടി.
വീട്ടിലെത്തിയ അവതാരകയായ എലീനയേയും കൂട്ടി ആദ്യ ഗുരുവായ മനു പൂജപ്പുരയുടെ അടുത്തേക്കാണ് അനന്ദു ആദ്യം പോയത്. അവിടെ നിന്ന് ഗുരു കാണിച്ച മാജിക് കണ്ട് എലീന ശരിക്കും അന്തംവിട്ടു. കൺമുന്നിൽ പേപ്പർ പല കഷണങ്ങളായി മുറിച്ച് വൺ, ടൂ, ത്രീ പറഞ്ഞപ്പോൾ നൂറ് രൂപയായി. ആ പൈസ അദ്ദേഹം എലീനയ്ക്ക് നൽകുകയും ചെയ്തു.
'കുറേ വർഷമായിട്ട് മെന്റലിസം പ്രാക്ടീസ് ചെയ്യാറുണ്ട്. ലോക്ക് ഡൗൺ സമയത്തായിരുന്നു വീഡിയോ ഷൂട്ട് ചെയ്ത് തുടങ്ങിയത്. എന്നാൽ ആദ്യമൊന്നും വലിയ റീച്ച് ഒന്നുമില്ലായിരുന്നു. പിന്നെപ്പിന്നെ ലൈഫ് റിലേറ്റഡായിട്ടുള്ള ഷോർട്ട് വീഡിയോസൊക്കെ ചെയ്തുതുടങ്ങി. അങ്ങനെ റീച്ച് കൂടി.'- അനന്ദു വെളിപ്പെടുത്തി.
ഓജോ ബോർഡിനെക്കുറിച്ചും അനന്ദു സംസാരിച്ചു. ഓജോ ബോർഡ് കൈയിലില്ലാത്തതിനാൽ പ്ലേറ്റ് വച്ച്, എലീനയെക്കൊണ്ട് കോയിൻ പിടിപ്പിച്ചാണ് ചെയ്തത്. ശേഷം എന്താണ് ഫീൽ ചെയ്യുന്നതെന്ന് എലീനയോട് ചോദിക്കുകയും ചെയ്തു. കൈ അങ്ങോട്ടേക്ക് നീങ്ങിയതുപോലെ ഫീൽ ചെയ്തുവെന്ന് എലീന പറഞ്ഞു. കുറേ നേരം കൈവച്ചതുകൊണ്ടും, യെസ് വേണമെന്ന് തോന്നിയതുകൊണ്ട് അങ്ങോട്ട് നീങ്ങിയതായി തോന്നിയതാകാമെന്നും എലീന പറയുമ്പോൾ അതാണ് അൻസർ എന്ന് അനന്ദു പറയുന്നു.
'ഓജോ ബോർഡ് കളിക്കുമ്പോൾ പ്രേതമോ ഭൂതമോ ഒന്നുംവരുന്നില്ല. ഇത് പഠിക്കുന്ന സമയത്ത് ഞാൻ രാത്രി പന്ത്രണ്ട് ഒരു മണിക്ക് ഡെയിലി ചെയ്തതാണ്. അങ്ങനെയാണെങ്കിൽ എന്റെ വീടൊക്കെ ഇപ്പോൾ പ്രേതപ്പറമ്പാകേണ്ടതല്ലേ.'- അനന്ദു ചോദിച്ചു. ഓജോ ബോർഡുമായി ബന്ധപ്പെട്ട് വേൾഡ് വൈഡായി നടക്കുന്ന തട്ടിപ്പ് എന്നുള്ളത് ഞാൻ റിവീൽ ചെയ്തു തരാമെന്ന് പറഞ്ഞ് അനന്ദു വിശദീകരിക്കുന്നതിന്റെയും എലീന മനസിൽ വിചാരിച്ച സുഹൃത്തിനെ കണ്ടെത്തുന്നതിന്റെയും വീഡിയോ കാണാം...