
ന്യൂഡൽഹി: 2021ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലം നഗരത്തിലെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം ലക്ഷത്തില്‍ 12 പേർ രാജ്യത്ത് ആത്മഹത്യ ചെയ്‌തു. എന്നാൽ കൊല്ലം നഗരത്തിൽ 43 പേരാണ് ആത്മഹത്യ ചെയ്‌തത്. നാഷണൽ ക്രെെം റെക്കോഡ് ബ്യൂറോയുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്.
ജനസംഖ്യയില്‍ ഒരു ലക്ഷം പേരില്‍ എത്ര പേർ ആത്മഹത്യ ചെയ്യുന്നു എന്ന കണക്കാണ് ആത്മഹത്യാ നിരക്ക്. 11.1 ലക്ഷമാണ് കൊല്ലം നഗരത്തിലെ ജനസംഖ്യാനിരക്ക്. 2021ൽ 487 ആത്മഹത്യകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 43.9 കൊല്ലം നഗരത്തിലെ കഴിഞ്ഞ വർഷത്തെ ആത്മഹത്യാ നിരക്ക്. 38.5 ആത്മഹത്യാ നിരക്കുമായി പശ്ചിമ ബംഗാളിലെ അസന്‍സോൾ നഗരമാണ് രണ്ടാമത്.
1,64,033 പേരാണ് 2021ല്‍ ഇന്ത്യയിലാകെ ആത്മഹത്യ ചെയ്തത്. 2020ല്‍ ഇന്ത്യയിൽ ആത്മഹത്യ ചെയ്‌തവർ 1,53,052 ആയിരുന്നു. 9549 പേരാണ് കഴിഞ്ഞ വർഷം കേരളത്തില്‍ ആത്മഹത്യ ചെയ്തത്. സംസ്ഥാനങ്ങളുടെ കണക്കിൽ മുന്നിൽ മഹാരാഷ്‌ട്രയാണ്. 22,207 പേർ ഇവിടെ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്‌തു. കുടുംബപരമായ വിഷയങ്ങളാണ് ആത്മഹത്യയ്ക്ക് പ്രധാന കാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേരളത്തിൽ കൂട്ടആത്മഹത്യകളുടെ എണ്ണവും വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 12 കൂട്ട ആത്മഹത്യകളാണ് കേരളത്തിൽ കഴിഞ്ഞ വർഷം സംഭവിച്ചത്. 26 പേർ മരണപ്പെട്ടു. കൂട്ടആത്മഹത്യകളുടെ കാര്യത്തിൽ നാലാമതാണ് കേരളം. തമിഴ്‌നാടാണ് ഒന്നാമത്. 33 കൂട്ടആത്മഹത്യകളാണ് 2021ൽ ഇവിടുണ്ടായത്.