
കെയ്‌റോ:സൂയസ് കനാലിൽ ഒരു വർഷത്തിന് ശേഷം വീണ്ടും ഗതാഗത തടസം. 250 മീറ്റർ നീളമുള്ള 'അഫിനിറ്റി വി' എന്ന എണ്ണക്കപ്പലാണ് കനാലിന്റെ തെക്ക്ഭാഗത്ത് കുടുങ്ങിയത്. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് 'എവർ ഗിവൺ' എന്ന കണ്ടെയ്‌നർ കപ്പൽ കുടുങ്ങിയിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ജലഗതാഗതം പുനസ്ഥാപിച്ചത്.
ബുധനാഴ്ച രാത്രി 7.15ഓടെയാണ് പോർച്ചുഗലിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന കപ്പൽ കുടുങ്ങിയത്. ഏകദേശം അഞ്ച് മണിക്കൂർ കപ്പൽ കനാലിൽ കുടുങ്ങി. ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് കുടുങ്ങിയ കപ്പലിനെ പൂർവസ്ഥിതിയിൽ എത്തിച്ച് ഗതാഗതം പുനസ്ഥാപിച്ചത്. കപ്പലിലെ സ്റ്റിയറിംഗ് സംവിധാനങ്ങൾ തകരാറിലാകാൻ തുടങ്ങിയതാണ് ഇതിന് കാരണമെന്നാണ് അധികൃതർ പറയുന്നത്.
യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന അതിവേഗ ജലപാതയിലെ ഗതാഗതം തടസപ്പെടുത്തിയതിന് കഴിഞ്ഞ വർഷം 'എവർ ഗിവൺ' കപ്പലിന്റെ ഉടമ സൂയസ് കനാൽ അതോറിറ്റിക്ക് ഏകദേശം 200 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വന്നത് വാർത്തയായിരുന്നു. 400 മീറ്ററായിരുന്നു 'എവർ ഗിവനി'ന്റെ നീളം.