dawood

മുംബയ്: 1993 മുംബയ് സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി 25 ലക്ഷം രൂപ പ്രഖ്യാപിച്ചു. ഇയാളെ പിടികൂടാൻ സഹായിക്കുന്ന എന്തെങ്കിലും വിവരം കൈമാറുന്നവര്‍ക്കാണ് പാരിതോഷികം നൽകുക.


ഇബ്രാഹിമിന്റെ അടുത്ത സഹായി ഷക്കീൽ ഷെയ്‌ഖ് എന്ന ഛോട്ടാ ഷക്കീലിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂട്ടാളികളായ ഹാജി അനീസ് എന്ന അനീസ് ഇബ്രാഹിം ഷെയ്ഖ്, ജാവേദ് പട്ടേൽ എന്ന ജാവേദ് ചിഖ‌്ന, മുക്‌മോൻ അബ്ദുൾ അലി അഥവാ ടൈഗർ മേമൻ എന്നിവരെക്കുറിച്ച് അറിയിക്കുന്നവർക്ക് 15 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതികളാണ് ഇവരെല്ലാം.

ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിക്കെതിരെ ഫെബ്രുവരിയിൽ എന്‍.ഐ.എ കേസെടുത്തിരുന്നു. ദാവൂദ് ഇബ്രാഹിമിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. അനീസ് ഇബ്രാഹിം ഷെയ്ഖ്, ഛോട്ടാ ഷക്കീൽ, ജാവേദ് ചിഖ്‌ന, ടൈഗർ മേമൻ എന്നിവരുൾപ്പെടെയുള്ള ഡി-കമ്പനി എന്ന അന്താരാഷ്ട്ര തീവ്രവാദ ശൃംഖലയാണ് നടത്തുന്നതെന്ന് എൻ.ഐ.എ പ്രസ്താവനയിൽ പറഞ്ഞു.