
ന്യൂഡൽഹി: മൂന്നുവയസുകാരിയെ 'ഡിജിറ്റൽ റേപ്പ്' ചെയ്‌ത കേസിൽ 75 കാരന് പോക്‌സോ നിയമപ്രകാരവും ഐ.പി.സി സെക്ഷൻ 375 പ്രകാരവും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നോയിഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ സലാർപൂർ ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്.
അക്ബർ ആലം എന്ന എഴുപത്തഞ്ചുകാരനാണ് ഇന്ത്യയിൽ അത്ര സുപരിചിതമല്ലാത്ത ‘ഡിജിറ്റൽ റേപ്പി’ന് ശിക്ഷിക്കപ്പെട്ടത്. മൂന്നര വയസുകാരിയായ മകളെ ഡിജിറ്റൽ റേപ്പിന് വിധേയയാക്കിയെന്ന പിതാവിന്റെ പരാതിയിലാണ് മാൾഡ സ്വദേശിയായ ഇയാളെ സുരാജ്‌പുർ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
പുറത്തു കളിക്കുകയായിരുന്ന മകളെ മിഠായി നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ ഇയാൾ ഡിജിറ്റൽ റേപ്പിന് ഇരയാക്കിയെന്നായിരുന്നു പിതാവിന്റെ പരാതി. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങിയെത്തിയ പെൺകുട്ടി പ്രതി തന്നോട് ചെയ്തതെല്ലാം അമ്മയോട് പറഞ്ഞു. 2019 ജനുവരി 21നാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അലിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്.
സാഹചര്യത്തെളിവുകൾ, മെഡിക്കൽ റിപ്പോർട്ട്, മറ്റ് എട്ട് സാക്ഷിമൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 30ന് ജില്ലാ സെഷൻസ് ജഡ്ജി അനിൽ കുമാർ അലിയെ ജീവപര്യന്തം തടവിന് വിധിക്കുകയായിരുന്നു. അലിക്ക് 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. സമാന സംഭവങ്ങൾ ഈയടുത്തും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ ഡിജിറ്റൽ റേപ്പിനു വിധേയയാക്കിയ 50 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡിജിറ്റൽ റേപ്പ്
ഡിജിറ്റലായോ വെർച്വലായോ ചെയ്യുന്ന ലൈംഗിക കുറ്റകൃത്യങ്ങളല്ല ഡിജിറ്റൽ റേപ്പ്. സ്വകാര്യ ഭാഗങ്ങളില്‍ സ്‌പര്‍ശിക്കുന്നതും പെൺകുട്ടിയുടെ സമ്മതം കൂടാതെ കൈവിരലോ കാൽവിരലോ സ്വകാര്യ ഭാഗത്തു കടത്തുന്നതും ഡിജിറ്റൽ റേപ്പിന്റെ പരിധിയിൽ വരും. 'ഡിജിറ്റ്' എന്ന ഇംഗ്ലിഷ് വാക്കിൽ നിന്നാണ് ‘ഡിജിറ്റൽ റേപ്പ്’ ഉണ്ടാകുന്നത്.
2012 വരെ ഇത്തരം പ്രവൃത്തികളെ ബലാത്സംഗത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇവയെ ലൈംഗികാതിക്രമം ആയിട്ടാണ് കണ്ടിരുന്നത്. ഡിജിറ്റൽ റേപ്പിന് ഇരയാകുന്നവർക്ക് നീതി ഉറപ്പാക്കാനുള്ള നിയമങ്ങളും രാജ്യത്ത് ഉണ്ടായിരുന്നില്ല. നിർഭയ സംഭവത്തിന് പിന്നാലെയാണ് അതീവ ഗൗരവമുള്ള കുറ്റകൃത്യമായി ഇതിനെ കണക്കാക്കിക്കൊണ്ടുള്ള നിയമം ഇന്ത്യയിൽ വരുന്നത്.