
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെടുത്തരുതെന്നും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹെെക്കോടതി. അദാനി ഗ്രൂപ്പും തുറമുഖ നിർമ്മാണ കരാർ കമ്പനി ഹോവെ എൻജിനീയറിംഗ് പ്രോജക്ട്സും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
പദ്ധതിക്കെതിരെ സമരം ചെയ്യുന്നവർ നിർമ്മാണ പദ്ധതി തടസപ്പെടുത്തരുതെന്ന് കോടതി പറഞ്ഞു. കമ്പനികൾക്ക് നിർമാണം നടത്താനുള്ള സുരക്ഷ പൊലീസ് നൽകണമെന്ന് ഹെെക്കോടതി നിർദേശിച്ചു. ബുദ്ധിമുട്ടുകൾ നേരിട്ടാൽ കേന്ദ്ര സേനയുടെ സഹായം തേടാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ഇത് അന്തിമ വിധിയല്ലെന്നും പോരാട്ടം തുടരുമെന്നും സമരസമിതി അറിച്ചു. ഈ മാസം 27ന് ഹർജി വീണ്ടും പരിഗണിക്കും.