-k-surendran

ആലപ്പുഴ: മകനെതിരെ ഉയർന്ന ആരോപണത്തിൽ വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാജീവ് ഗാന്ധി ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മകന് ബന്ധുനിയമനം ലഭിച്ചുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

മകന് ജോലി ലഭിച്ചത് യോഗ്യതയുള്ളത് കൊണ്ടാണെന്നും ആരോപണം 100 ശതമാനം അവാസ്തവമാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു. തെറ്റായ വാർത്ത നൽകിയവർക്കെതിരെ നിയമം അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി.

'പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ സന്ദർശനം നടത്തുന്ന ദിവസം തന്നെ ഇത്തരമൊരു വാർത്ത കൊടുത്തതിന്റെ കാരണം അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. ഇത്തരമൊരു വാർത്ത 100 ശതമാനം അവാസ്തവമാണ്.

മകന്റെ നിയമനം മെറിറ്റ് അടിസ്ഥാനത്തിലാണ്. ഒരു ഇടപെടലും നടന്നിട്ടില്ല. ഞാനോ എനിക്കുവേണ്ടി മറ്റാരെങ്കിലുമോ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല. മുൻപ് എന്റെ മകൻ കുഴൽപ്പണം കടത്തിയെന്ന് വാർത്ത കൊടുത്തവരാണ് മാദ്ധ്യമങ്ങൾ. ഇപ്പോൾ എന്റെ മകന്റെ ജോലിയും പ്രശ്നമായി. ജോലി ചെയ്യാനുള്ള അവകാശം എന്റെ മകനുണ്ട്.

യോഗ്യതയുള്ളത് കൊണ്ടാണ് ആർ.ജി.സി.ബിയിൽ മകന് ജോലി ലഭിച്ചത്. തെറ്റായ വാർത്ത നൽകിയതിനെതിരെ നിയമം അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കും'- സുരേന്ദ്രൻ പറഞ്ഞു. തന്റെ മകനായതുകൊണ്ട് ഒരു പരീക്ഷയിലും പങ്കെടുക്കാൻ പാടില്ലേ എന്നും ഒരിടത്തും ജോലി ചെയ്യാൻ പാടില്ല എന്നു പറയാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയിലാണ് കെ സുരേന്ദ്രന്റെ മകന്‍ കെ.എസ് ഹരികൃഷ്ണന് നിയമനം ലഭിച്ചത്. രാജീവ് ഗാന്ധി ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മാനദണ്ഡം മറികടന്നാണ് ഹരികൃഷ്ണന് നിയമനം നൽകിയതെന്നാണ് ആരോപണം. എന്നാൽ എല്ലാ ചട്ടങ്ങളും പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നൽകിയതെന്നാണ് ആർ.ജി.സി.ബി നൽകുന്ന വിശദീകരണം.