king-cobra

കോട്ടയം : ഒരു മാസം മുമ്പ് പിടിതരാതെ കാറിൽ ഒളിച്ച ഒൻപതടി നീളമുള്ള രാജവെമ്പാലയുമായി സുജിത് പ്രഭ ഒറ്റയ്‌ക്കും അല്ലാതെയും സഞ്ചരിച്ചത് നൂറുകണക്കിന് കിലോമീറ്റർ. പലപ്പോഴും സുഹൃത്തുക്കളും സ്വന്തം കുടുംബവും കാറിലുണ്ടായിരുന്നു. പലതവണ പരിശോധിച്ചിട്ടും കിട്ടാതിരുന്ന പാമ്പിനെ ഇന്നലെ രാവിലെ അടുത്തുള്ള വീടിന്റെ പോർച്ചിൽ നിന്ന് പിടികൂടിയതോടെയാണ് സുജിത്തിന് ശ്വാസം നേരേ വീണത്.

ആർപ്പൂക്കര തൊണ്ണംകുഴി കാർത്തിക വീട്ടിൽ സുജിത്തും സുഹൃത്തുക്കളും ആ​ഗ​സ്റ്റ് രണ്ടിന് ബഹുനില മന്ദിരത്തിൽ ലിഫ്റ്റ് വയ്ക്കുന്ന ജാേലിക്കായി നിലമ്പൂരിൽ പോയിരുന്നു. അന്ന് വഴിക്കടവിൽ വച്ച് പാമ്പ് കാറിനടിയിലേക്ക് ഇഴഞ്ഞുകയറുന്നത് കണ്ട് അടുത്തുള്ള ഫോറ​സ്റ്റ് ഓഫീസിൽ അറിയിച്ചു.

ബോണറ്റ് തുറന്നപ്പോൾ പാമ്പിനെ കണ്ടു. പിടിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. സർവീസ് സെന്ററിലെത്തിച്ച് കാർ കഴുകി. പാമ്പ് പിടുത്തക്കാരനെത്തി കാർ പരിശോധിച്ചെങ്കിലും കിട്ടിയില്ല. രണ്ട് ദിവസത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചു. രാജവെമ്പാല കാറിലുണ്ടെന്ന് അറിയാതെ സുജിത്തും കുടുംബവും വിമാനത്താവളത്തിലടക്കം നിരവധി യാത്രകൾ പോയി.

ആഗസ്റ്റ് 21ന് രാവിലെ കാർ കഴുകുമ്പോൾ രാജവെമ്പാലയുടെ പടം പൊഴിഞ്ഞു കിടക്കുന്നത് കണ്ട് സുജിത്ത് ഭയന്നു. വാവ സുരേഷിനെ വിളിച്ചു. പാമ്പിന്റെ കാഷ്ടം കണ്ടെത്തിയ സുരേഷ് അത് ഒരു മണിക്കൂർ മുമ്പുള്ളതാണെന്ന് പറഞ്ഞതോടെ സുജിത്ത് വിറച്ചു.

ബമ്പർ ഉൾപ്പെടെ അഴിച്ച് പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടില്ല. കാർ അതേപടി ഒരാഴ്ച ഇട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് കാർ വീണ്ടും പണിത് ഉപയോഗിച്ചത്.

ഇന്നലെ രാവിലെ സുജിത്തിന്റെ വീട്ടിൽ നിന്ന് 300 മീറ്റർ മാറി പടിഞ്ഞാറേപുല്ലത്ത് സന്തോഷ്‌ കുമാറിന്റെ വീടിന്റെ കാർപോർച്ചിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു. പൂച്ചയുടെ ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ പാമ്പിന്റെ വാലാണ് കണ്ടത്. അവിടം വലയിട്ട് മറച്ച് വനം വകുപ്പിൽ അറിയിച്ചു. സ്‌നേക് റെസ്‌ക്യൂ ടീം ജില്ലാ കോ-ഓർഡിനേറ്റർ കെ.എ.അബീഷും സംഘവുമെത്തി രാജവെമ്പാലയെ ചാക്കിലാക്കി ഗവിയിലെ ഉൾവനത്തിൽ തുറന്നുവിട്ടു.