
കൊച്ചി: നഗര ഗതാഗതത്തിന് പുതിയ മുഖം നൽകി കൊച്ചി മെട്രോ പേട്ട-എസ്.എൻ ജംഗ്‌ഷൻ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു. ഒപ്പം മെട്രോ രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. ഇതോടൊപ്പം റെയിൽവെയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തി. പദ്ധതികൾ കേരളത്തിനുളള ഓണസമ്മാനമാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിലെ റെയിൽവെ വികസനത്തിന്റെ നാഴികകല്ലാണ് ഈ പദ്ധതികളെന്നും പ്രധാനമന്ത്രി പറഞ്ഞു.
മെട്രോയുടെ അടുത്തഘട്ടം വരുന്നതോടെ നഗരഗതാഗതം ശക്തമാകുമെന്നും വാഹനങ്ങളുടെ തിരക്കും മലിനീകരണവും കുറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'വിമാനത്താവളങ്ങൾ പോലെ റെയിൽവെസ്‌റ്റേഷവുകളും മെട്രോ സ്‌റ്റേഷനുകളും വികസിച്ചുകൊണ്ടിരിക്കുകയാണ്. വരുന്ന 25 വർഷം മഹത്തായ വികസന ലക്ഷ്യമാണ് മുന്നോട്ടുവയ്‌ക്കുന്നത്. എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, കൊല്ലം സ്‌റ്റേഷനുകൾ ആധുനികരീതിയിൽ വികസിപ്പിക്കും.' പ്രധാനമന്ത്രി അറിയിച്ചു.
കൊച്ചി മെട്രോയുടെ പദ്ധതിയ്‌ക്കൊപ്പം റെയിൽവെയുടെ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപാത ഉദ്ഘാടനം, കൊല്ലം-പുനലൂർ സിംഗിൾലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്‌പെഷ്യൽ ട്രെയിൻ ഉദ്ഘാടനം, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്‌റ്റേഷനുകളുടെ നവീകരണ പ്രവർത്തികളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിർവഹിച്ചു.കേരളത്തിലെ ഗതാഗത വികസനത്തിന് കേന്ദ്രം വലിയ പ്രാധാന്യം നൽകുന്നതായും പാത ഇരട്ടിപ്പിക്കൽ അയ്യപ്പ ഭക്തന്മാർക്ക് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും പങ്കെടുത്തു.