house

വിവിധയിനങ്ങളിൽ ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണമാണ് സർക്കാരിന്റെ വരുമാന സ്രോതസ്സ്. എന്നാൽ നികുതിയുടെ പേരിൽ ജനത്തിനെ കൊള്ളയടിച്ചാലോ. സംസ്ഥാനത്തെ കെട്ടിടനികുതി അക്ഷരാർത്ഥത്തിൽ ജനങ്ങളെ പിഴിയുന്ന സംവിധാനമായി മാറിയിരിക്കുന്നു. നിലവിൽ ഒരേ കെട്ടിടത്തിന് മൂന്ന് തരം നികുതി അടയ്ക്കേണ്ട ഗതികേടിലാണ് നികുതിദായകർ. തദ്ദേശ സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ നികുതിയാണ് ഒന്ന്. അത് ആറുമാസം കൂടുമ്പോഴോ വർഷാവർഷമോ നൽകണം. കൂടാതെ കെട്ടിട നിർമ്മാണം പൂത്തിയാകുമ്പോൾ റവന്യൂ വകുപ്പിന്റെ ഒറ്റത്തവണ നികുതി വേറെയുണ്ട്. ഇതും പോരാഞ്ഞ് കെട്ടിട സെസും നൽകേണ്ട ഗതികേടിലാണ് ജനങ്ങൾ. തദ്ദേശ സ്ഥാപനങ്ങൾ പിരിയ്ക്കുന്ന കെട്ടിടനികുതി ഭൂമിയുടെ ന്യായവിലയ്ക്ക് ആനുപാതികമാക്കാൻ കൂടി സർക്കാർ നീക്കം തുടങ്ങി. നിലവിൽ കെട്ടിടത്തിന്റെ വിസ്തീർണ്ണവും ഏതുതരം തദ്ദേശ സ്ഥാപനം എന്നതും നോക്കിയാണ് നികുതി പിരിവ്. ഭൂമി ന്യായവിലപ്രകാരം കെട്ടിട നികുതി നിശ്ചയിക്കുന്നതോടെ ഭൂമിക്ക് വിലയേറിയ സ്ഥലങ്ങളിൽ നികുതി കുത്തനെ ഉയർത്താനാണ് ഇതുസംബന്ധിച്ച ആറാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്തിരിക്കുന്നത്.

അടുത്ത മാർച്ച് 31 നകം കെട്ടിടനികുതി വീണ്ടും പരിഷ്‌കരിക്കാനുള്ള സർക്കാർ ശുപാർശ കഴിഞ്ഞ ജൂണിൽ മന്ത്രിസഭ അംഗീകരിച്ചിരുന്നു. 2023 ഏപ്രിൽ മുതൽ നിലവിലെ കെട്ടിട നികുതി നിരക്കിന്റെ അഞ്ച് ശതമാനം വർദ്ധന വരുത്താനുള്ള തീരുമാനം നിസ്സാരമെന്ന് തോന്നാം. എന്നാൽ ഓരോ വർഷവും അഞ്ച് ശതമാനം വീതം കെട്ടിടനികുതി ഉയർന്നുകൊണ്ടേയിരിക്കും. അതായത് 10 വർഷമാകുമ്പോൾ നികുതി, ഇപ്പോഴത്തെ നിരക്കിന്റെ നേരെ ഇരട്ടിയാകും. കെട്ടിട നികുതിയുടെ 10 ശതമാനം വരുന്ന തുക സേവന നികുതിയായും ഈടാക്കും. 3000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുകളുടെ നികുതി 15 ശതമാനമാണ് കൂടുന്നത്. 538. 20 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകളെയും തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടനികുതി പരിധിയിൽ കൊണ്ടുവരും. നിലവിൽ 660 ചതുരശ്ര അടിവരെ കെട്ടിട നികുതി നൽകേണ്ടിയിരുന്നില്ല. വാസഗൃഹങ്ങൾക്ക് ഇത്രയും നികുതി നൽകേണ്ടി വരുമ്പോൾ കമേഴ്സ്യൽ കെട്ടിടങ്ങൾക്ക് ഈടാക്കുന്ന നികുതിഭാരം ഊഹിക്കാവുന്നതേയുള്ളൂ.

ഏത് മാനദണ്ഡമനുസരിച്ചായാലും,​ ഒരേ കെട്ടിടത്തിന് ഓരോ വർഷവും നികുതി വർദ്ധിപ്പിക്കുന്നതിനെ കടുത്ത അനീതിയെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. ഓരോ വർഷം കഴിയുന്തോറും കെട്ടിടത്തിന് പഴക്കമേറും. അതനുസരിച്ച് നികുതിയും വർദ്ധിച്ചുകൊണ്ടേയിരിക്കും. വർഷങ്ങൾ കഴിയുമ്പോൾ ഏത് കെട്ടിടമായാലും അതിന്റെ മൂല്യം ഇടിയുകയാണ്. ആ കെട്ടിടത്തിനാണ് ഓരോ വർഷവും നികുതി കൂട്ടിക്കൂട്ടി വാങ്ങുന്നത്. സ്ഥിരം വരുമാനക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും സമ്പന്നർക്കും ഭീമമായ കെട്ടിടനികുതി ഒരു ഭാരമായി തോന്നിയേക്കില്ല. എന്നാൽ സാധാരണക്കാരും ഇടത്തരക്കാരും പാവപ്പെട്ടവരുമാണ് നികുതിഭാരത്താൽ വീർപ്പുമുട്ടുന്നത്.

ഒറ്റത്തവണ നികുതിയും സെസും

പുതുതായി നിർമ്മിക്കുന്ന വീടുകൾക്കും കമേഴ്സ്യൽ കെട്ടിടങ്ങൾക്കുമെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക നികുതി കൂടാതെ റവന്യൂ വകുപ്പിന്റെ ഒറ്റത്തവണ നികുതി പിരിവുണ്ട്. പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന് തദ്ദേശസ്ഥാപനത്തിൽ നിന്ന് കംപ്ളീഷൻ സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ റവന്യൂ വകുപ്പിന്റെ ഒറ്റത്തവണ നികുതി ഒടുക്കണം. ഗ്രാമപ്പഞ്ചായത്തുകളിൽ 250 ചതുരശ്ര മീറ്ററിനു മുകളിൽ 7800 രൂപയും അധികംവരുന്ന ഓരോ പത്ത് ചതുരശ്ര മീറ്ററിനും 1560 രൂപ വീതവും നികുതി ഒടുക്കണം. മുനിസിപ്പാലിറ്റിയിൽ ഇത് 14,000 രൂപയും അധികമുള്ള ഓരോ 10 ചതുരശ്ര മീറ്ററിനും 3100 രൂപ വീതവും കോർപ്പറേഷനിൽ 21,000 രൂപയും അധികമുള്ള ഓരോ പത്ത് ചതുരശ്ര മീറ്ററിനും 3900 രൂപ വീതവുമാണ്. 1500 ചതുരശ്ര അടിയുള്ള ഒരു വാണിജ്യ കെട്ടിടത്തിന് 40,000 രൂപയോളം വരും ഒറ്റത്തവണ നികുതി. ഇത് ഗഡുക്കളായി അടയ്ക്കാനുള്ള സാവകാശം റവന്യൂ വകുപ്പ് നൽകുമെന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ നിശ്ചിത കാലപരിധി കടന്നാൽ റവന്യൂ റിക്കവറി നടപടിയാകും നേരിടേണ്ടി വരിക.

10 ലക്ഷവും അതിൽകൂടുതലും നിർമ്മാണച്ചെലവ് വരുന്ന കെട്ടിടങ്ങൾക്ക് ഉടമകളിൽനിന്ന് ഒരു ശതമാനം സെസ് പിരിക്കുന്ന ചുമതലയും ഉടൻ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കും. അതോടെ കെട്ടിടനിർമ്മാണ പൂർത്തീകരണ സർട്ടിഫിക്കറ്റിനും കെട്ടിട നമ്പർ ലഭിക്കാനും സെസ് അടച്ച രസീത് കൂടി ഹാജരാക്കേണ്ടി വരും. നിർമ്മാണ തൊഴിലാളികൾക്ക് പെൻഷനും മറ്റാനുകൂല്യങ്ങളും നൽകാനാണ് സെസ് പിരിക്കുന്നതെന്നാണ് പറയുന്നത്. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രതിസന്ധി പരിഹരിക്കാനെന്ന പേരിലാണ് സെസ് പിരിവ് നടത്തുന്നത്. നിലവിൽ മറ്റു ക്ഷേമനിധി ബോർഡുകളെല്ലാം അതത് വിഭാഗം തൊഴിലാളികളിൽ നിന്ന് വിഹിതം ഈടാക്കുന്നുണ്ട്. നിർമ്മാണ തൊഴിലാളികളിൽ നിന്ന് ക്ഷേമനിധി വിഹിതം ഈടാക്കാതെ അതുകൂടി ജനത്തിന്റെ പിടലിക്ക് വയ്ക്കുന്നതിനെതിരെ കാര്യമായ ഒരു പ്രതിഷേധവും എങ്ങുനിന്നും ഉയരുന്നില്ലെന്നതാണ് ഏറെ വിചിത്രം. ദിവസം 1000 രൂപയ്ക്ക് മുകളിലാണ് ഇന്ന് നിർമ്മാണ തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

അഴിമതി വികേന്ദ്രീകരിച്ചു, പ്രതിഷേധിക്കാനും ആളില്ല

കെട്ടിട നികുതിയുടെ പേരിൽ തദ്ദേശസ്ഥാപനങ്ങൾ ജനങ്ങളെ കൊള്ളയടിച്ചിട്ടും ഇതിനെതിരെ പ്രതിഷേധിക്കാൻ ആരും മുന്നോട്ട് വരുന്നില്ലെന്നിടത്താണ് ഭരണ- പ്രതിപക്ഷ അന്തർധാരയെക്കുറിച്ച് സംശയം ഉയരുന്നത്. അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ കേരളം നൽകിയ ഏറ്റവും വലിയ സംഭാവന വികേന്ദ്രീകൃതാസൂത്രണം അഥവാ ജനകീയാസൂത്രണമായിരുന്നു. സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി തുകയുടെ 30- 40 ശതമാനം പ്രാദേശിക ഭരണസ്ഥാപനങ്ങൾക്ക് വീതിച്ച് നൽകുകയും അത് വിനിയോഗിക്കുന്നതിന് വിശദമായ മാർഗരേഖകൾ തയ്യാറാക്കുകയും ജനങ്ങളെ പ്രാദേശിക ഭരണത്തിലെന്നതുപോലെ നാടിന്റെ വികസനത്തിലും പങ്കാളികളാക്കുകയും ചെയ്യുകയായിരുന്നു ജനകീയാസൂത്രണം കൊണ്ട് ലക്ഷ്യമിട്ടത്. എന്നാൽ ഇതിന്റെ പേരിൽ അഴിമതിയുടെ വികേന്ദ്രീകരണമാണ് നടക്കുന്നതെന്ന ആരോപണമാണ് ഇന്ന് നിലനിൽക്കുന്നത്. അതിൽ ഭരണപക്ഷവും പ്രതിപക്ഷവും ഗുണഭോക്താക്കളാകുമ്പോൾ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളിൽപ്പോലും പ്രതിഷേധം ഉയരാത്തതിൽ അത്ഭുതപ്പെടേണ്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളിൽ നിന്നീടാക്കുന്ന പലയിനം നികുതികളിൽ നല്ലൊരു ഭാഗം അഴിമതിയിലൂടെ ധൂർത്തടിക്കാനും കൊള്ളയടിക്കാനുമുള്ള മാർഗ്ഗമായി മാറി. ത്രിതലപഞ്ചായത്ത് സംവിധാനത്തിലെ ബ്ളോക്ക് പഞ്ചായത്തുകളെന്നത് തികച്ചും ആവശ്യമില്ലാത്ത ഒന്നാണെന്ന് ഇതിനകം വ്യക്തമായതാണെങ്കിലും ഇവ രാഷ്ട്രീയ കക്ഷികളുടെ കറവപ്പശുക്കളായി തുടരുന്നു. നികുതികൾ വർദ്ധിപ്പിക്കുമ്പോൾ ജനങ്ങൾക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ കൂടി മെച്ചപ്പെടുത്തേണ്ട കടമ സർക്കാരിനും തദ്ദേശ ഭരണസമിതികൾക്കുമുണ്ടെങ്കിലും അക്കാര്യത്തിലും കടുത്ത അനാസ്ഥയാണ് പ്രകടമാകുന്നത്. തെരുവ് വിളക്കുകളുടെയും റോഡുകളുടെയും പരിപാലനം, മാലിന്യ നിർമ്മാർജ്ജനം, വികസനം, ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽപോലും ഈ അനാസ്ഥ പ്രകടമാണ്. നികുതി പിരിവിൽ പോലും വൻതിരിമറിയും തട്ടിപ്പും അരങ്ങേറിയ സംഭവമുണ്ടായി. തിരുവനന്തപുരം നഗരസഭയിൽ പിരിച്ചെടുത്ത കെട്ടിട നികുതിയിൽ നിന്ന് 32.96 ലക്ഷം രൂപ ഉദ്യോഗസ്ഥർ തട്ടിയെടുത്ത സംഭവം ഏറെ വിവാദമായതാണ്. മൂന്ന് സോണൽ ഓഫീസുകളിലാണ് തട്ടിപ്പ് നടന്നത്. നികുതിയായി പിരിച്ച തുക ബാങ്കിൽ അടയ്ക്കാതെ വ്യാജരേഖ ചമച്ച് ബാങ്കിൽ അടച്ചതായി തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്നതിന്റെ പേരിലും വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതിലുമെല്ലാം കൊടിയ അഴിമതിയാണ് ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ നടമാടുന്നത്.